ബ്രസ്സല്‍സ്- ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ 2015 ല്‍ നടന്ന ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന പ്രതി സാലിഹ് അബ്ദുസ്സലാമിനെ മറ്റൊരു കേസില്‍ ബെല്‍ജിയത്തില്‍ 20 വര്‍ഷത്തേക്ക് ജയിലിലടച്ചു. പിടികൂടാന്‍ ചെന്ന പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ 28 കാരനായ അബ്ദുസ്സലാമിനോടൊപ്പം 24 കാരനായ സുഫിയാന്‍ അയാരിക്കും 20 വര്‍ഷത്തെ തടവ് വിധിച്ചു.
2016-ല്‍ ബ്രസ്സല്‍സില്‍ ഇവരുടെ ഫഌറ്റ് റെയ്ഡ് ചെയ്യാനത്തിയ പോലീസുകാര്‍ക്കുനേരെ നിറയൊഴിച്ചുവെന്ന കേസിലാണ് ശിക്ഷ.
ഫ്രാന്‍സില്‍ ജയിലിലായിരുന്ന അബ്ദുസ്സലാം അവിടെ പാരീസ് ആക്രമണവുമായി ബന്ധപ്പെട്ട് വിചാരണ നേരിടാനുണ്ട്. ബ്രസ്സല്‍സ് വിചാരണയില്‍ ജഡ്ജിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇയാള്‍ വിസമ്മതിച്ചിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയതുമില്ല.
അബ്ദുസ്സലാമോ തുനീഷ്യക്കാരനായ അയാരിയെ ജഡ്ജി വിധി വായിക്കുമ്പോള്‍ കോടതിയില്‍ ഉണ്ടായിരുന്നില്ല. 20 വര്‍ഷത്തെ ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ജഡ്ജി അംഗീകരിക്കുകയായിരുന്നു.
രണ്ടുപേര്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്ന് സംശയാതീതമായി തെളിഞ്ഞുവെന്ന് ജഡ്ജി മേരി ഫ്രാന്‍സ് ക്യൂട്ടെന്‍ പറഞ്ഞു. ഉപയോഗിച്ച ആയുധങ്ങളില്‍നിന്നു തന്നെ ഇവരുടെ ലക്ഷ്യം വ്യക്തമാണ്. വെടിയുണ്ടകളുടെ എണ്ണവും പോലീസ് ഉദ്യോഗസ്ഥര്‍ക്കേറ്റ പരിക്കുകളും അവര്‍ ചൂണ്ടിക്കാട്ടി. പോലീസുകാരുടെ മികവ് കൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടത്.
2016 മാര്‍ച്ച് 15-നാണ് അബ്ദുസ്സലാമിനുവേണ്ടി ബ്രസ്സല്‍സിലെ വനപ്രദേശത്ത് ബെല്‍ജിയം പോലീസ് റെയ്ഡ് നടത്തിയത്. നാല് മാസമായി പോലീസില്‍നിന്ന് രക്ഷപ്പെട്ട പ്രതികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ച ഫഌറ്റിലായിരുന്നു പരിശോധന. അവിടെ ഉണ്ടായിരുന്ന മൂന്ന് പേരും പോലീസിനുനേരെ നിറയൊഴിച്ചു. പ്രതികളിലൊരാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ച സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. അബ്ദുസ്സലാമും അയാരിയും രക്ഷപ്പെട്ടെങ്കിലും ഫഌറ്റില്‍ അബ്ദുസ്സലാമിന്റെ വിരലടയാളം പോലീസ് കണ്ടെത്തി. ദിവസങ്ങള്‍ക്കുശേഷം സമീപത്തെ മോളന്‍ബീക്ക് പ്രദേശത്തുവെച്ചാണ് അബ്ദുസ്സലാം പിടിയിലായതും ഫ്രാന്‍സിനു കൈമാറിയതും.
ഫ്രഞ്ച്-മൊറോക്കോ ദമ്പതികള്‍ക്ക് ബ്രസ്സല്‍സില്‍ ജനിച്ച ഫ്രഞ്ച് പൗരനാണ് അബ്ദുസ്സലാം. ബെല്‍ജിയത്തില്‍ നിസ്സാര കുറ്റങ്ങള്‍ക്ക് നേരത്തെ അറസ്റ്റിലായിരുന്ന ഇയാള്‍ 2014-ലാണ് സഹോദരന്‍ സലീമിനോടൊപ്പം തീവ്രവാദത്തിലേക്ക് തിരിഞ്ഞത്. ഇരുവരും ഐ.എസിന്റെ ഫ്രാന്‍സ്-ബെല്‍ജിയം ശാഖയില്‍ ചേര്‍ന്നു. ഈ ഗ്രൂപ്പാണ് പിന്നീട് പാരീസ് ആക്രമണങ്ങള്‍ നടത്തിയത്. അബ്ദുസ്സലാമിന്റെ അറസ്റ്റിനുശേഷം 35 പേരുടെ മരണത്തിനിടയാക്കിയ ബ്രസ്സല്‍സ് മെട്രോ ആക്രമണത്തിനു പിന്നില്‍ ഈ സംഘമായിരുന്നു.
എന്നാല്‍ ഈ ആക്രമണവുമായി അബ്ദുസ്സലാമിനും അയാരിക്കും ബന്ധമുണ്ടെന്ന് തെളിയിക്കപ്പെടാത്തതിനാല്‍ കേസില്‍ കക്ഷി ചേരാനുള്ള ഇരകളുടെ ഹരജി കോടതി തള്ളി.