ജബൽപൂർ- ഒന്നര വയസുള്ള മകനെ കടുവയിൽനിന്ന് രക്ഷിക്കാൻ സധൈര്യം പോരാടി യുവതി. മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിന് സമീപമുള്ള ജബൽപൂരിലാണ് ഒരു സ്ത്രീ തന്റെ മകനെ കടുവയിൽനിന്ന് മോചിപ്പിച്ചത്. കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതിയും മകനും ചികിത്സയിലാണ്. റൊഹാനിയ ഗ്രാമത്തിലാണ് കടുവയുടെ ആക്രമണത്തിൽ സ്ത്രീക്കും മകനും പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല.
കടുവ സങ്കേതത്തിന് പുറത്ത് കടുവ കറങ്ങിനടക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
മാതാവ് കൃഷിയിടം പരിപാലിക്കുന്നതിനിടെയാണ് ഒന്നര വയസ്സുള്ള കുട്ടിയെ കടുവ ആക്രമിച്ചത്. കടുവയുെ കടുത്ത ആക്രമണത്തെ യുവതി ധീരതയോടെ നേരിട്ടു. കയ്യിൽ ഒരു ആയുധവുമില്ലാതെയാണ് യുവതി കുഞ്ഞിനെ രക്ഷിച്ചത്. യുവതി അലറിവിളിച്ചതിനെ തുടർന്ന് നാട്ടുകാരും ഓടിയെത്തി. ആളുകൾ ഓടിയെത്തി കടുവയെ തിരിച്ചോടിച്ചു. അപ്പോഴേക്കും അമ്മക്കും കുട്ടിക്കും പരിക്കേറ്റു. ദേഹമാസകലം മുറിവേറ്റിരുന്നു.
സങ്കേതത്തിൽനിന്ന് പുറത്തിറങ്ങിയ കടുവ സ്ത്രീ ജോലിക്ക് പോയ ഫാമിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് കടുവയുടെ ആക്രമണം നേരിട്ടത്. പരിക്കേറ്റ ഇവരെ ജബൽപൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ബാന്ധവ്ഗഡ് ടൈഗർ റിസർവ് മാനേജർ ലവിത് ഭാരതി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.