Sorry, you need to enable JavaScript to visit this website.

കല്‍ക്കരി അഴിമതി; ബംഗാളിൽ മന്ത്രിയുടെ വീട്ടിൽ സി.ബി.ഐ റെയ്ഡ്

ന്യൂദൽഹി- കേന്ദ്ര അന്വേഷണ ഏജൻസികളെ ബി.ജെ.പി സർക്കാർ ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രാജ്യവ്യാപകമായി ബഹളം വെക്കുന്നതിനിടെ, കൽക്കരി അഴിമതി കേസിൽ പശ്ചിമ ബംഗാൾ മന്ത്രി മൊളോയ് ഘട്ടക്കിന്റെ വസതിയിൽ സി.ബി.െഎ പരിശോധന. പശ്ചിമ ബർധമാൻ ജില്ലയിലെ അസൻസോളിലെ ഘട്ടക്കിന്റെ മൂന്ന് വീടുകളിലും കൊൽക്കത്തയിലെ ലേക്ക് ഗാർഡൻസ് ഏരിയയിലും റെയ്ഡ് നടത്തി. കൽക്കരി കള്ളക്കടത്ത് കുംഭകോണം സി.ബി.ഐ അന്വേഷിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ ഘട്ടക്കിന്റെ പേര് ഉയർന്നുവന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.
അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര അർദ്ധസൈനികരുടെ സഹായത്തോടെയാണ് സി.ബി.ഐ സംഘം റെയ്ഡ് നടത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കൊൽക്കത്തയിലെ നാല് സ്ഥലങ്ങളിൽ സി.ബി.ഐ പരിശോധനയും നടത്തി. കൽക്കരി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി അസൻസോൾ ഉത്തർ എ.ംഎൽ.എയായ ഘട്ടക് ചോദ്യം ചെയ്യലിന് വിധേയനാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ദൽഹി ഓഫീസിൽ എത്തിയിരുന്നു. 
'കൽക്കരി കള്ളക്കടത്ത് അഴിമതിയിൽ അദ്ദേഹത്തിന്റെ പേര് ഉയർന്നുവന്നതിനാൽ, അതിൽ അദ്ദേഹത്തിന്റെ പങ്ക് എന്താണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അഴിമതിയിൽ ഘട്ടക്കിന്റെ പങ്കാളിത്തത്തിന്റെ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ടെന്നും സി.ബി.ഐ ഉദ്യോഗസ്ഥൻ പി.ടി.ഐയോട് പറഞ്ഞു. 
അസൻസോളിലും പരിസരപ്രദേശങ്ങളിലുമുള്ള ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് ഖനികളുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ കൽക്കരി തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് സി.ബി.ഐ 2020 നവംബറിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്. ഈസ്റ്റേൺ കോൾഫീൽഡ് ലിമിറ്റഡ് നിരവധി ഖനികൾ നടത്തുന്ന പശ്ചിമ ബംഗാളിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഒരു റാക്കറ്റ് ആയിരക്കണക്കിന് കോടിയുടെ അനധികൃതമായി ഖനനം ചെയ്ത കൽക്കരി വർഷങ്ങളായി കരിഞ്ചന്തയിൽ വിറ്റതായി സി.ബി.ഐ ആരോപിക്കുന്നു.
കഴിഞ്ഞ വർഷം പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെട്ടതു മുതൽ നിരവധി തൃണമൂൽ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികൾ നിരന്തരം പരിശോധന നടത്തുകയാണ്. പാർട്ടി നേതാക്കളെ ഭീഷണിപ്പെടുത്താൻ ഏജൻസികളെ കേന്ദ്രസർക്കാർ ഉപയോഗിക്കുകയാണെന്ന് പാർട്ടി അധ്യക്ഷ മമത ബാനർജി ആരോപിച്ചു. 
മുൻ സംസ്ഥാന മന്ത്രിയും തൃണമൂൽ സെക്രട്ടറി ജനറലുമായ പാർത്ഥ ചാറ്റർജിയെ സ്‌കൂൾ റിക്രൂട്ട്മെന്റ് അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ജൂലൈയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പശുക്കടത്തുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ബിർഭം മേധാവി അനുബ്രത മൊണ്ടലിനെ ഓഗസ്റ്റിൽ സി.ബി.ഐയും അറസ്റ്റ് ചെയ്തിരുന്നു. 
ലക്ഷക്കണക്കിന് രൂപ കബളിപ്പിച്ച പോൻസി പദ്ധതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് തൃണമൂൽ നേതാവും ഹലിസഹർ മുനിസിപ്പാലിറ്റി ചെയർമാനുമായ രാജു സഹാനിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. 
കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയെയും കഴിഞ്ഞ വെള്ളിയാഴ്ച എട്ട് മണിക്കൂർ ഇ.ഡി ചോദ്യം ചെയ്തിരുന്നു. 

Latest News