കോഴിക്കോട്-കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് നല്‍കണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ പ്രമേയം. വൈസ് ചാന്‍സലറുടെ അനുവാദത്തോടെ ഇടത് അനുകൂലിയായ സിന്‍ഡിക്കേറ്റ് അംഗം ഇ. അബ്ദുറഹീമാണ് പ്രമേയം അവതരിപ്പിച്ചത്.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും, വെള്ളാപ്പള്ളി നടേശനും വിദ്യാഭ്യാസ രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മഹദ് വ്യക്തികളാണ്. ഇരുവരും വിദ്യാഭ്യാസ മേഖലയിലേക്ക് നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് ഡിലിറ്റിന് സബ് കമ്മിറ്റി ശുപാര്‍ശ ചെയ്യണം എന്നാണ് അബ്ദുറഹീം അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെടുന്നത്. ഇരുവരുടെയും പ്രൊഫൈലുകള്‍ ഡി ലിറ്റ് നല്‍കുന്നതിനായി നിയമിക്കപ്പെട്ട ഉപസമിതി പഠിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
എന്നാല്‍, പ്രമേയം പിന്‍വലിക്കണമെന്ന് ഒരുവിഭാഗം സിന്‍ഡിക്കേറ്റംഗങ്ങള്‍ ആവശ്യപ്പെട്ടു. ഒമ്പത് അംഗങ്ങളാണ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്തത്. ഭിന്നതയെത്തുടര്‍ന്ന് ഡി.ലിറ്റ് നല്‍കാനുള്ളവരെ കണ്ടെത്താന്‍ രൂപവത്കരിച്ച ഉപസമിതിയുടെ പരിഗണനയ്ക്കായി പ്രമേയം കൈമാറാന്‍ തീരുമാനിച്ചു. ഡോ. വിജയരാഘവന്‍, ഡോ. വിനോദ്കുമാര്‍, ഡോ. റഷീദ് അഹമ്മദ് എന്നിവരടങ്ങുന്നതാണ് ഉപസമിതി.
മുന്‍ വി.സി ഡോ എം. അബ്ദുല്‍ സലാമിനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിയെ കാണാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. സലാം നിയമവിരുദ്ധമായി നിയമനവും സാമ്പത്തിക ഇടപാടും നടത്തിയെന്ന പരാതിയില്‍ അന്വേഷണം വേണമെന്നാണ് സിന്‍ഡിക്കേറ്റ് നിലപാട്. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥിനിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അസി. പ്രൊഫസര്‍ എസ്.സുനില്‍കുമാറിനെതിരേ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.