ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദേശീയ പ്രചാരണത്തിന് കോണ്‍ഗ്രസ് തുടക്കമിട്ടു. ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തുന്ന പ്രാചാരണം മോഡിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉല്‍ഘാടനം ചെയ്തത്. ഭരണഘടനയില്‍ വിഷം കലര്‍ത്താന്‍ ബിജെപിയുടെ ഭാഗത്തു നിന്നുള്ള ഏതൊരു ശ്രമത്തേയും തടയുമെന്നും ഭരണഘടനയെ തൊട്ടുകളിക്കാന്‍ ബിജെപിയെയും ആര്‍എസ്എസിനേയും ഒരിക്കലും അനുവദിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ജനങ്ങളുടെ മന്‍ കീ ബാത്ത് 2019-ല്‍ കേള്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു. മേഡി സര്‍ക്കാര്‍ സുപ്രിം കോടതിയെ തകര്‍ത്തെന്നും പാര്‍ലമെന്റ് അടച്ചു പൂട്ടിയെന്നും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു.
മോഡി ജിക്ക് മോഡി ജിയില്‍ മാത്രമെ താല്‍പര്യമുള്ളൂ. വീണ്ടും പ്രധാനമന്ത്രിയാകുന്നതില്‍ മാത്രമാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. ബലാല്‍സംഗങ്ങളൊന്നും അദ്ദേഹത്തെ അലട്ടുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തിന്റെ കീര്‍ത്തി ഉയര്‍ത്താനാണ് 70 വര്‍ഷം പ്രവര്‍ത്തിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇതെല്ലാം നശിപ്പിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആഗോള തലത്തില്‍ ഇന്ത്യയുടെ സല്‍പ്പേര് പ്രധാനമന്ത്രി തകര്‍ത്തു. ഇതു സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെറും 15 മിനിറ്റു സമയം പ്രധാനമന്ത്രി മോദിയുമായി സംവദിക്കാന്‍ അവസരം തന്നാല്‍ റാഫേല്‍ ആയുധ ഇടപാട്, നീരവ് മോഡി തുടങ്ങിയ അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച് അദ്ദേഹത്തെ നിറുത്തിപ്പൊരിക്കുമെന്നും രാഹുല്‍ പറഞ്ഞു.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആര്‍ എസ് എസ് സൈദ്ധാന്തികരെ പ്രതിഷ്ഠിക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ത്യയുടെ ഭരണഘടന നല്‍കിയത് കോണ്‍ഗ്രസും ബിആര്‍ അംബേദ്കറുമാണ്. ഐഐടി, ഐഐഎം, എയിംസ് തുടങ്ങി എല്ലാ സ്ഥാപനങ്ങളും നമുക്ക് നല്‍കിയത് ഈ ഭരണഘടനയാണ്. ഇതില്ലാതെ ഒന്നും നടക്കുമായിരുന്നില്ല. എന്നാല്‍ ഇന്ന് ഈ സ്ഥാപനങ്ങളിലെല്ലാം ആര്‍ എസ് എസുകാരെ പ്രതിഷ്ഠിച്ചു വരികയാണെന്നും രാഹുല്‍ പറഞ്ഞു.
ദല്‍ഹിയിലെ തല്‍കട്ടോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിലാണ് സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ പ്രചാരണം രാഹുല്‍ ഉല്‍ഘാടനം ചെയ്തത്. 2019 ഏപ്രില്‍ 19 വരെ നീണ്ടു നില്‍ക്കുന്ന ദേശീയ തല പ്രചാരണമാണിത്. ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ അവകാശ സംരക്ഷണം ഉറപ്പു വരുത്തുന്നതിന് ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് പ്രചാരണത്തിന്റെ പ്രമേയം.