ന്യൂദല്‍ഹി-മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരായ കേസില്‍ പി.കോയയും കെ.പി.കമാലും ഉള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് നോട്ടീസയച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കാപ്പനെതിരെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും മൊത്തം ഭീകര സെല്ലിനെ കുറിച്ച് അന്വേഷണം തുടരുകയാണെന്നും കാപ്പന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതിയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.
2020 ഒക്ടോബര്‍ അഞ്ചിന് പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് കാപ്പന്‍ യു.പിയിലെ ഹത്രാസിലേക്ക് വന്നതെന്നും ഇവര്‍ കലാപത്തിനു ഭീകരപ്രവര്‍ത്തനത്തിനും ഉപയോഗിക്കാന്‍ പണം സ്വീകരിച്ചിരുന്നുവെന്നാണ് മറ്റൊരു ആരോപണം.
പോപ്പുലര്‍ ഫ്രണ്ട് എക്‌സിക്യുട്ടീവ് അംഗവും മുന്‍ സിമി അംഗവുമായ പി. കോയയുമായുള്ള കാപ്പന്റെ അടുത്ത ബന്ധം സര്‍ക്കാര്‍ മറുപടിയില്‍ എടുത്തുപറയുന്നു. പി.കോയക്കും ഇ.എം. അബ്ദുറഹ്്മാനും തുര്‍ക്കിയില്‍ അല്‍ഖാഇദയുമായി ബന്ധമുള്ള ഐ.എച്ച്.എച്ചുമായി ബന്ധമുണ്ടെന്നും പറയുന്നു.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ നിര്‍ദേശ പ്രകാരം സാമുദായിക സംഘര്‍ഷവും കലാപവുമുണ്ടാക്കാന്‍ സിദ്ദീഖ് കാപ്പന്‍ ലേഖനങ്ങള്‍ എഴുതിയിരുന്നുവെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
സി.എ.എ പ്രക്ഷോഭം, സുപീം കോടതിയുടെ ബാബരി മസ്ജിദ് വിധി എന്നിവയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഭീകരത വളര്‍ത്തുന്നതിനുള്ള ഗാഢാലോചനയുടെ ഭാഗമാണ് സിദ്ദീഖ് കാപ്പനും കാമ്പസ് ഫ്രണ്ടിന് വേണ്ടി പണം വെളുപ്പിക്കുന്ന റഊഫ് ശരീഫുമെന്നും സര്‍ക്കാര്‍ പറയുന്നു.