ന്യൂദല്‍ഹി- നഗരത്തിലെ പിടികിട്ടാ പുള്ളികളായ ക്രിമിനലുകളേയും കാണാതായവരേയും പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സമ്മാനമായി ദല്‍ഹി പോലീസ് വാഗ്ദാനം ചെയ്യുന്നത് 3.6 കോടി രൂപ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രഖ്യാപിച്ച മൊത്തം സമ്മാനത്തുകയാണിത്. ഇതില്‍ 2.58 കോടി രൂപയും കാണാതാകുകയോ തട്ടിക്കൊണ്ടു പോകപ്പെടുകയോ ചെയ്ത 1,291 പേരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കുള്ള സമ്മാനമാണ്. പോലീസിനെ വെട്ടിച്ച് മുങ്ങി നടക്കുന്ന പിടികിട്ടാപുള്ളികളായ 79 ക്രിമിനലുകളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 56 ലക്ഷം രൂപയും 227 അജ്ഞാത മൃതദേഹങ്ങളെ തിരിച്ചറിയാന്‍ തെളിവുകള്‍ നല്‍കുന്നവര്‍ക്ക് 45 ലക്ഷം രൂപയും ആകെ സമ്മാനം നല്‍കും.
പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും ഒരു തുമ്പും കിട്ടാത്ത കേസുകളാണ് ഇവയെല്ലാം. കുറ്റകൃത്യം അന്വേഷിക്കലും ക്രിമിനലുകളെ പിടികൂടലും പോലീസിന്റെ പ്രാഥമിക ജോലിയാണെങ്കിലും ഇക്കാര്യത്തില്‍ പോലീസിനെ സഹായിക്കാന്‍ സന്നദ്ധരായ വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അവരുടെ സഹകരണത്തിന് നല്‍കുന്ന സമ്മാനമാണിതെന്ന് മുന്‍ ദല്‍ഹി പോലീസ് കമ്മീഷണര്‍ വേദ് മര്‍വ പറയുന്നു. പോലീസിനെ വളരെ സഹായകമായ ഒരു നീക്കമാണിതെന്നും അദ്ദേഹം പറയുന്നു.
അതേസമയം പോലീസിന്റെ ഈ വന്‍സമ്മാനത്തുക കൈപ്പറ്റുന്നവരില്‍ മുന്‍ ക്രിനിമലുകളും ഉണ്ട്. ദല്‍ഹി പോലീസ് 50 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന 110 പിടികിട്ടാപുള്ളികളെ കഴിഞ്ഞ വര്‍ഷം ഇങ്ങനെ സമ്മാനം വാഗ്ദാനം നല്‍കി പൊതുജനങ്ങളുടെ സഹായത്തോടെ പിടികൂടിയിരുന്നു. ഇവരില്‍ 22 പേരുടെ തലയ്ക്ക് ഒരു ലക്ഷത്തിനു മുകളിലായിരുന്നു ഇനാം പ്രഖ്യാപിച്ചിരുന്നത്. ഇവരെ കുറിച്ച് വിവരം നല്‍കിയവരില്‍ ഏറെയും വളരെ രഹസ്യമായി പോലീസിനെ സഹായിച്ചിരുന്നു മുന്‍ ക്രിമിനലുകളായിരുന്നു. 50 ലക്ഷം രൂപ സമ്മാനത്തിന്റെ വലിയൊരു ശതമാനവും കൈപ്പറ്റിയത് ഈ മുന്‍ക്രിമിലുകളാണ്.
ഇതിനു പുറമെ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ ധൈര്യവും ധീരതയും കൊണ്ട് ഇടപെടുന്നവര്‍ക്ക് പോലീസിന്റെ വക 1000 രൂപ മുതല്‍ 25,000 രൂപവരെ പലപ്പോഴും സമ്മാനം നല്‍കാറുണ്ടെന്നും ഇത് അവരുടെ ധീരതയ്ക്കുള്ള അംഗീകാരമാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിക്രംജിത്ത് സിങ് പറയുന്നു.