മഞ്ചേരി -സഹകരണ ബാങ്കിൽ സെർവർ ഹാക്കു ചെയ്ത് നൈജീരിയക്കാർ 70 ലക്ഷം രൂപ തട്ടിയെടുത്തു. തട്ടിയെടുത്ത 47 ലക്ഷം രൂപ മരവിപ്പിച്ചതായും പണം പൂർണമായി വീണ്ടെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും ബാങ്ക് ചെയർമാൻ അറിയിച്ചു. നഷ്ടപ്പെട്ട പണം ഉപഭോക്താക്കൾക്ക് ഒരാഴ്ചയ്ക്കകം തിരികെ നൽകുമെന്നും ചെയർമാൻ വ്യക്തമാക്കി.ഇന്നലെ ദൽഹിയിൽ വച്ച് നൈജീരിയൻ സ്വദേശികളായ യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിന് ഇടനിലക്കാരായി പ്രവർത്തിച്ചവർക്ക് പണം കൈമാറിയെന്നും നൈജീരിയൻ സ്വദേശികൾ പോലീസിന് മൊഴി നൽകി. സെർവർ ഹാക്കു ചെയ്യാൻ ഇടനിലക്കാർ സഹായിച്ചതായും സൂചനയുണ്ട്. ഇതാദ്യമായാണ് സഹകരണ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് നൈജീരിയക്കാർ പണം തട്ടുന്നത്. ബാങ്കുകൾക്ക് സാങ്കേതിക സഹായം നൽകുന്ന കമ്പനികൾക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ബാങ്കിലെ മറ്റാർക്കും ഇതിൽ പങ്കില്ല എന്നാണ് ബാങ്ക് ജീവനക്കാർ പോലീസിനോടു പറഞ്ഞത്.
തട്ടിയെടുത്ത 70 ലക്ഷം രൂപയിൽ 21ലക്ഷം രൂപയും നഷ്ടപ്പെട്ടത് വിരമിച്ച അധ്യാപിക സുബൈദയ്ക്കാണ്.പണം പിൻവലിച്ചതായി കാണിച്ച് എസ്എംഎസുകൾ വന്നതായി സുബൈദ മാധ്യമങ്ങളോട് പറഞ്ഞു.ബാങ്ക് അവധിയായിനാൽ അന്ന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും സുബൈദ പറയുന്നു. ഓഗസ്റ്റ് 13,14,15 അവധിദിനങ്ങളിലാണ് തട്ടിപ്പ് നടന്നതെന്ന് ബാങ്ക് ചെയർമാൻ അറിയിച്ചു. തട്ടിയെടുത്ത 70ലക്ഷം രൂപയുടെ 47ലക്ഷം രൂപ മരവിപ്പിച്ചു. പണം പൂർണമായി വീണ്ടെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നഷ്ടപ്പെട്ട പണത്തെ ഓർത്ത് ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടെന്നും ഉപഭോക്താക്കൾക്ക് ഒരാഴ്ചയ്ക്കകം പണം തിരികെ നൽകുമെന്നും ചെയർമാൻ വ്യക്തമാക്കി.