Sorry, you need to enable JavaScript to visit this website.

അസമില്‍ നാട്ടുകാര്‍ മദ്രസ തകര്‍ത്തു, ഭീകരതക്കെതിരായ രോഷമെന്ന് അധികൃതര്‍

ഗുവാഹത്തി- അസമില്‍ ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് ഭീകരര്‍ മുമ്പ് ഉപയോഗിച്ചിരുന്ന മദ്രസയും മദ്രസയോട് ചേര്‍ന്നുള്ള താമസ കേന്ദ്രവും നാട്ടുകാര്‍ തകര്‍ത്തു.
ദരോഗര്‍ അല്‍ഗയിലെ പഖിയുറ ചാര്‍ മേഖലയിലാണ് സംഭവം. തീവ്രവാദ പ്രവര്‍ത്തനങ്ങളോടുള്ള കടുത്ത എതിര്‍പ്പ് കാരണം നാട്ടുകാര്‍ സ്വമേധയാ മദ്രസ തകര്‍ത്തതാണെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ ജലാലുദ്ദീന്‍ ഷെയ്ഖാണ് പ്രത്യേക മദ്രസ നടത്തിയിരുന്നത്.  
ഇയാളാണ് 2020ല്‍ അമിനുല്‍ ഇസ്ലാം,   ജഹാംഗീര്‍ ആലോം എന്നിവരെ അധ്യാപകരായി നിയമിച്ചത്. ഇവര്‍ രണ്ടു പേരും ഒളിവിലാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ അല്‍ഖാഇദയുമായും അന്‍സറുല്ല ബംഗ്ലാ ടീമുമായും ബന്ധമുള്ളവരാണെന്ന് പോലീസ് പറയുന്നു.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മദ്രസകള്‍ തകര്‍ക്കുന്നതിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ സംഭവം.
സുരക്ഷിതമല്ലെന്നും രേഖകളില്ലെന്നും ആരോപിച്ച്  കഴിഞ്ഞ ഓഗസ്റ്റ് 31ന് ബോംഗൈഗാവ് അധികൃതര്‍ മര്‍കസുല്‍ മആരിഫ് മദ്രസ പൊളിച്ചിരുന്നു.
ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള അസം സര്‍ക്കാര്‍  ജോഗിഘോപ ഏരിയയില്‍ കബൈതരിയിലെ മദ്രസയും തകര്‍ത്തു.

അസമില്‍  ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിതെന്നും മദ്രസകള്‍ പൊതു സ്വത്താണെന്നും മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെ ഇവ പൊളിക്കാന്‍ എന്ത് അധികാരമാണുള്ളതെന്നും  എഐയുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ഖാഇദയുമായും അന്‍സാറുല്‍ ബംഗ്ലാ ടീമുമായും ബന്ധമുണ്ടെന്ന് ആരോപിച്ച് അസമിലെ ബിജെപി സര്‍ക്കാര്‍ മൂന്ന് മദ്രസകള്‍ തകര്‍ത്തതിനു പുറമെ നിരവധി പേരെ അറസ്റ്റ് ചെയ്തു.
മുസ്തഫ എന്ന മുഫ്തി മുസ്തഫ നടത്തിയിരുന്ന ജാമിഉല്‍ ഹുദാ മദ്രസ ഓാഗസ്റ്റ് നാലിന് മൊറിഗാവ് ജില്ലയിലെ മൊയ്‌റാബാരിയില്‍ അസം പോലീസ് തകര്‍ത്തു. ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകര സംഘടനയായ അന്‍സറുല്ല ബംഗ്ലാ ടീമുമായും അല്‍ ഖാഇദയുമായും ബന്ധമുണ്ടെന്ന് ആരോപിച്ച്  മുസ്തഫയെ അറസ്റ്റ് ചെയ്തു.

 

Latest News