മുംബൈ- പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രി അപകടത്തില്‍ കൊല്ലപ്പെട്ട കാര്‍ മണിക്കൂറില്‍ 190 കി.മീ വരെ വേഗത്തില്‍ ഓടിച്ചിരുന്നുവെന്ന് പോലീസ്.
മുംബൈയിലേക്ക് പോകുകയായിരുന്ന മെഴ്സിഡസ് കാറാണ് അപകടത്തില്‍ പെട്ടിരുന്നത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ ഒരു ചെക്പോസ്റ്റിലൂടെ കാര്‍ കടന്നുപോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2.21 ന് പാല്‍ഘര്‍ ജില്ലയിലെ ദാപ്ചാരി ചെക്ക് പോസ്റ്റിലൂടെ കാര്‍ കടന്നുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം. കാര്‍ തകര്‍ന്ന് സൈറസ് മിസ്ത്രിയും സുഹൃത്തുമാണ് മരിച്ചത്.
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ സൂര്യ നദിക്ക് കുറുകെയുള്ള പാലത്തില്‍ കാര്‍ റോഡ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. 54 കാരനായ മിസ്ത്രിയും സുഹൃത്ത് ജഹാംഗീര്‍ പണ്ടോളും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് സംഘം കൂടുതല്‍ വിവരങ്ങള്‍ക്ക് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാര്ം ഒമ്പത് മിനിറ്റിനുള്ളില്‍ 20 കിലോമീറ്റര്‍ ദൂരം പിന്നിട്ടിരുന്നുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ഇതിനര്‍ഥം ് ആഡംബര കാര്‍ മണിക്കൂറില്‍ 180-190 കിലോമീറ്റര്‍ വേഗതയിലാണ് ഓടിച്ചിരുന്നതെന്നാണ്.
മിസ്ത്രിയുടെ കുടുംബ സുഹൃത്തായ മുംബൈ ആസ്ഥാനമായുള്ള ഗൈനക്കോളജിസ്റ്റ് അനഹിത പണ്ടോളാണ് (55) കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരും ഭര്‍ത്താവ് ഡാരിയസ് പണ്ടോളും (60) മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
അന്വേഷണ സംഘം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കയാണ്.