ന്യൂദല്‍ഹി- കര്‍ണാടകയില്‍ വിദ്യാര്‍ഥികള്‍ ഡ്രസ് കോഡ് ലംഘിച്ചിട്ടില്ലെന്നും യൂനിഫോമിന് പുറമെ ഹിജാബ് കൂടി ധരിക്കാന്‍ അനുവദിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടന്നതെന്നും മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ സുപ്രീം കോടതിയില്‍ വാദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്യുന്ന ഹരജികളിലാണ് സുപ്രീം കോടതിയില്‍ വാദം തുടങ്ങിയത്.
ഹിജാബ് ധരിക്കുന്ന ധാരാളം സ്ത്രീകള്‍ ഇന്ത്യയിലും മറ്റിടങ്ങളിലുമുണ്ടെന്നും ഇത് വളരെ പ്രാധാന്യമുള്ള വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിജാബിന്റെ നിയന്ത്രണം സ്വകാര്യ സ്ഥാപനങ്ങളിലും ബാധകമാക്കിയിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയില്‍ തന്നെ ജഡ്ജിമാര്‍ നെറ്റിയില്‍ തിലകവും വൈഷ്ണവ ചിഹ്നവും അണിയാറുണ്ടെന്നും കോടതിയില്‍ പഗ്ഡി ധരിച്ച ജഡ്ജിയുടെ ഛായാചിത്രം കണ്ടിട്ടുണ്ടെന്നും ധവാന്‍ വാദിച്ചപ്പോള്‍ രാജകീയ സംസ്ഥാനങ്ങളില്‍ പഗ്ഡി ധരിക്കുന്നത് പതിവായിരുന്നുവെന്ന് ജസ്റ്റിസ് ഗുപ്ത പറഞ്ഞു. ഒരു യൂനിഫോം യൂനിഫോം ആയിരിക്കണമെന്ന് ജസ്റ്റിസ് സുധാന്‍ഷു ധൂലിയയും പറഞ്ഞു.
എന്നാല്‍ വ്യക്തിയുടെ വിശ്വാസത്തിനും ധാര്‍മികതക്കും യോജിച്ച രീതിയില്‍ യൂനിഫോം ധരിക്കാന്‍ കഴിയില്ലേ എന്നും പഠനം വിലക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വധശിക്ഷ പോലെയാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെയും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വാദിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ യൂനിഫോമിന് അനുയോജ്യമായ നിറത്തിലുള്ള ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ഹെഗ്‌ഡെ പറഞ്ഞു. അമിത വസ്ത്രധാരണത്തിന്റെ പേരില്‍ അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കാമോ എന്നും അദ്ദേഹം ചോദിച്ചു.
ഒരു ഡ്രസ് കോഡ് നല്‍കിയാല്‍ അതിനു മുകളില്‍ മതപരമായ അവകാശം എങ്ങനെ അടിച്ചേല്‍പിക്കും, വിദ്യാര്‍ഥിനിക്ക് സ്‌കൂളിലും ക്ലാസ് മുറിയിലും ശിരോവസ്ത്രം ധരിക്കാമോ എന്നിവയാണ് കോടതിയുടെ മുന്നിലുള്ള വിഷയങ്ങളെന്ന് ജസ്റ്റിസ് ഗുപ്ത പറഞ്ഞു.
വിഷയത്തില്‍ ഇന്ത്യന്‍ സുപ്രീം കോടതിയുടെ തീരുമാനം നിര്‍ണായകമാണെന്നും വിധി ലോകമെമ്പാടും സ്വാധീനം ചെലുത്തുമെന്നും രാജീവ് ധവാന്‍ പറഞ്ഞു. ഹരജികള്‍ ഭരണഘടന ബെഞ്ചിന് വിടണമെന്ന് ഹരജിക്കാരുടെ അഭിഭാഷകര്‍ നിര്‍ദേശിച്ചു.
വിഷയം ലളിതമാണെന്നും അച്ചടക്കവുമായി ബന്ധപ്പെട്ടതാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് വാദിച്ചപ്പോള്‍ ഒരു പെണ്‍കുട്ടി ഹിജാബ് ധരിച്ചാല്‍ എങ്ങനെയാണ് അച്ചടക്കം ലംഘിക്കപ്പെടുന്നതെന്ന് ജസ്റ്റിസ് ധൂലിയ ചോദിച്ചു.
വസ്ത്രധാരണ രീതികള്‍ തീരുമാനിക്കാനുള്ള അധികാരം ഓരോ സ്ഥാപനങ്ങള്‍ക്കും വിട്ടിരിക്കയാണെന്ന് കര്‍ണാടക അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അവരുടെ സ്ഥാപനങ്ങളുടെ വസ്ത്രധാരണ രീതികള്‍ പാലിക്കണമെന്ന് മാത്രമാണ് പറഞ്ഞിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ പ്രതിനിധികളും അടങ്ങുന്ന സര്‍ക്കാര്‍ കോളേജുകളിലെ കോളേജ് വികസന സമിതികളാണ് ഡ്രസ് കോഡ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.