ജമ്മു- ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാനുള്ള തന്റെ പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ് പറഞ്ഞു. ഐശ്വര്യത്തിനും വികസനത്തിനുമായി വിദ്വേഷത്തിന്റെ മതിലുകള്‍ തകര്‍ക്കാന്‍ ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
2019 ഓഗസ്റ്റ് 5 ന് പാര്‍ലമെന്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് വേണ്ടി താന്‍ വോട്ട് ചെയ്തുവെന്ന അപ്നി പാര്‍ട്ടി പ്രസിഡന്റ് അല്‍ത്താഫ് ബുഖാരിയുടെ പരാമര്‍ശം ആസാദ് തള്ളി. തനിക്ക് ജനങ്ങളുടെയും നേതാക്കളുടെയും വര്‍ധിച്ചുവരുന്ന പിന്തുണ കാരണം 'പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള' ബോധപൂര്‍വമായ ശ്രമമാണിത്.
'ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാനുള്ള എന്റെ പോരാട്ടം അവസാന ശ്വാസം വരെ തുടരും,' കോണ്‍ഗ്രസുമായുള്ള അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചതിന് ശേഷം ജമ്മുവിലെ തന്റെ ആദ്യ പൊതു റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
നിരവധി മുന്‍ മന്ത്രിമാരും നിയമസഭാംഗങ്ങളും ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് അനുയായികള്‍ ആസാദിന് അനുകൂലമായി രംഗത്തെത്തി. ജമ്മു എയര്‍പോര്‍ട്ടിലും പൊതുയോഗ വേദിയിലും ആസാദിന് ഊഷ്മളമായ സ്വീകരണം നല്‍കി.