അബുദാബി- യു.എ.ഇയിലെ ബാങ്കുകളില്‍ സ്വദേശിവല്‍ക്കരണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയായി. ആറ് മാസത്തിനിടെ നടന്ന 841 നിയമനങ്ങളില്‍ ഭൂരിപക്ഷവും സ്വദേശികളാണ്. 782 പേര്‍ക്ക് ദേശീയ ബാങ്കുകളിലും 59 പേര്‍ക്കു വിദേശ ബാങ്കുകളിലുമാണ് ജോലി ലഭിച്ചതെന്നു യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് കുറഞ്ഞ ശേഷം, ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണം 34,332 ആയി ഉയര്‍ത്തിയിരുന്നു. യു.എ.ഇയിലെ ബാങ്കുകളില്‍ സുപ്രധാന പദവികളില്‍ 23.7 ശതമാനവും ഇപ്പോള്‍ സ്വദേശികളാണ്.
ഒരു വര്‍ഷത്തിനിടെ ആയിരത്തോളം പേരെയാണ് ജോലിക്കെടുത്തത്. ഘട്ടംഘട്ടമായി ബാങ്ക് ജീവനക്കാരുടെ എണ്ണം കൂട്ടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കുകളില്‍നിന്ന് വായ്പ അനുവദിക്കുന്നതും വര്‍ധിച്ചു. ഈ വര്‍ഷം ആദ്യ പാദം പിന്നിട്ടപ്പോഴേക്കും 1,700 കോടി ദിര്‍ഹം വായ്പയായി ബാങ്കുകള്‍ നല്‍കി. 2017 മുതല്‍ താരതമ്യം ചെയ്താല്‍ ഏറ്റവും ഉയര്‍ന്ന വായ്പാ തുകയാണിത്.