ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിക്കുന്നത് അപകടമാണെന്ന് പറഞ്ഞ സുപ്രീം കോടതി മുന്‍ ജഡ്ജിക്കെതിരെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ജഡ്ജി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹം പ്രവര്‍ത്തിച്ച സംവിധാനത്തെതന്നെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് കിരണ്‍ റിജിജു പറഞ്ഞു. ഇത്തരക്കാര്‍ കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥക്കെതിരെ ഒന്നും പറയാറില്ലെന്നും റിജിജു പറഞ്ഞു.
മോഡിയെ വിര്‍മശിച്ചാല്‍ ഏത് നിമിഷവും വീട്ടില്‍ റെയ്ഡ് നടക്കാനും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ജയിലിനകത്താകാനും സാഹചര്യമുണ്ടെന്നും ഈ സാഹചര്യത്തെയാണ് എതിര്‍ക്കേണ്ടതെന്നും മുന്‍ സുപ്രീം കോടതി ജഡ്ജി ശ്രീകൃഷ്ണ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് പറഞ്ഞത്.
ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നവരാണ് ഇപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്നു മന്ത്രി പറഞ്ഞു. സുപ്രീം കോടതി മുന്‍ ജഡ്ജി അങ്ങനെ പറഞ്ഞതായി അറിയില്ല. എന്നാല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ഇത്രയും കാലം ഇരുന്ന പദവിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യമാണെന്നു റിജിജു പറഞ്ഞു.