Sorry, you need to enable JavaScript to visit this website.

ഒരു മാത്ര കണ്ടു അച്ഛനെ, 43 വര്‍ഷത്തിന് ശേഷം, രണ്ടു തുള്ളി വെള്ളം നല്‍കി അച്ഛാ എന്ന് വിളിച്ചു...

മാനന്തവാടി-  ഒന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനെ നഷ്ടപ്പെട്ട വി. വി സജീവന്‍ നാല്‍പത്തെട്ടാം വയസ്സില്‍ തിരിച്ചെത്തിയത് മടിയില്‍ കിടത്തി അച്ഛന് അല്‍പം വെളളം നല്‍കാന്‍. അത് അവസാനത്തെ കാഴ്ചയുമായി. ജീവിതത്തിന്റെ അപ്രതീക്ഷിത വഴിത്തിരിവുകള്‍ വിസ്മയിപ്പിക്കുന്നതാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്നതാണ് സജീവിന്റെ കഥ.

അച്ഛന്റെ നേരിയ ഓര്‍മപോലും ഇല്ലാതെയാണ് ഇക്കാലമത്രയും സജീവന്‍ ജീവിച്ചത്. പഴയ ഫോട്ടോ മാത്രമായിരുന്നു ഓര്‍മ. ഓരോ ദിവസവും ആഗ്രഹിക്കും ഒരുമാത്രയെങ്കിലും അച്ഛനെ കാണാനായെങ്കിലെന്ന്. ആ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് സജീവ്.

ഏറെക്കാലമായി കൂടെത്താമസിക്കുന്നയാള്‍ അത്യാസന്ന നിലയിലാണെന്നും കണ്ണൂരില്‍ അവര്‍ക്ക് ബന്ധുക്കളുണ്ടെന്നും കണിയാരത്ത് താമസിക്കുന്ന സ്ത്രീ മാനന്തവാടി പോലീസ് സ്റ്റേഷനില്‍ വന്നറിയിച്ചതാണ് എല്ലാറ്റിനും നിമിത്തമായത്. മാനന്തവാടി പോലീസിന്റെ അന്വേഷണത്തിനുള്ള നിയോഗം ചെന്നെത്തിയത് കണ്ണൂര്‍ ചാവശ്ശേരി സ്വദേശിയും ഇപ്പോള്‍ മാനന്തവാടി സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. യുമായ കെ. മുസ്തഫയിലാണ്. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി വെള്ളാരംകുന്നില്‍ വാസു എന്ന വിലാസം മാത്രമായിരുന്നു പോലീസിന് ലഭിച്ചത്.

മുസ്തഫ ഏറെക്കാലം ജോലിചെയ്ത കണ്ണൂരിലെ സ്റ്റേഷനുകളിലെല്ലാം അന്വേഷിച്ചു. ഇരിക്കൂര്‍ പോലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ചില്‍ ജോലിചെയ്യുന്ന എ.എസ്.ഐ. പ്രസാദില്‍നിന്ന് വാസുവിന്റെ സ്വദേശം പയ്യാവൂര്‍ മുത്താറിക്കുളമാണെന്നും യഥാര്‍ഥ പേര് വാസുദേവന്‍ എന്നാണെന്നും വിവരം ലഭിച്ചു. പ്രസാദ് സംഘടിപ്പിച്ചു നല്‍കിയ, വാസുദേവന്റെ അനുജന്‍ ശശിയുടെ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ വാസുദേവന്റെ ഭാര്യ ആനന്ദവല്ലിയും മകന്‍ സജീവും കേളകം മഞ്ഞളാംപുറത്തുണ്ടെന്ന വിവരം ലഭിച്ചു.

18 വര്‍ഷമായി അമ്മ്ക്കൊപ്പം വിദേശത്തായിരുന്ന സജീവ് കോവിഡ്കാലത്താണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇപ്പോള്‍ എറണാകുളത്ത് ബിസിനസ് നടത്തുന്ന ഇദ്ദേഹം ജീവിതത്തില്‍ അച്ഛനെ കാണാനാകുമെന്നും അന്ത്യകര്‍മം ചെയ്യാന്‍ സാധിക്കുമെന്നും കരുതിയിരുന്നില്ല. 29 ന് വൈകുന്നേരത്തോടെ മാനന്തവാടി പോലീസിന്റെ വിളിയെത്തിയപ്പോള്‍ സജീവ് അച്ഛന്‍ കണിയാരത്ത് താമസിക്കുന്ന വീട്ടിലേക്ക് ഓടിയെത്തി. വയനാടിന്റെ വിവിധ പ്രദേശങ്ങളില്‍ ബാബു എന്നപേരില്‍ ജീവിച്ചതിനാല്‍ വാസുദേവന്റെ ചരിത്രം വയനാട്ടുകാര്‍ക്കും അറിയില്ലായിരുന്നു.

75 പിന്നിട്ട വാസുദേവന്‍ ശ്വാസതടസ്സം തുടങ്ങിയ പ്രായാധിക്യരോഗങ്ങളാല്‍ പ്രയാസപ്പെടുകയായിരുന്നു. വീട്ടിലെത്തിയ സജീവ് മടിയില്‍ക്കിടത്തി അച്ഛന് വെള്ളം നല്‍കി. വെള്ളം നല്‍കിയപ്പോള്‍ രണ്ടുതവണ അദ്ദേഹം ഇറക്കി... അച്ഛാ എന്നുവിളിച്ചപ്പോള്‍ കണ്ണു തുറന്നൊന്നുനോക്കി... പക്ഷേ അദ്ദേഹത്തിന് എന്നെ മനസ്സിലായോ എന്നറിയില്ല -സജീവ് പറഞ്ഞു. പിറ്റേദിവസം ബന്ധുക്കളുമായി വരാമെന്നു പറഞ്ഞ് വീട്ടിലേക്കുപോയ സജീവിന് രാത്രി 11 ഓടെ മാനന്തവാടി പോലീസിന്റെ വിളിയെത്തി, വാസുദേവന്‍ മരിച്ചെന്നുപറഞ്ഞ്.

30-ന് പുലര്‍ച്ചെ മൂന്നുമണിയോടെ കണിയാരത്തെത്തി വാസുദേവന്റെ മൃതദേഹം മഞ്ഞളാപുറത്തെ വീട്ടിലെത്തിച്ചു. രാവിലെ അന്ത്യകര്‍മങ്ങള്‍ക്കുശേഷം സംസ്‌കരിച്ചു. അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ സാധിച്ചത് മകനെന്നനിലയില്‍ വലിയ സന്തോഷമുണ്ടെന്നും അതിന് മാനന്തവാടി പോലീസിന് എത്ര നന്ദിപറഞ്ഞാലും മതിയാവില്ലെന്നും സജീവ് പറഞ്ഞു.

 

Latest News