തിരുവനന്തപുരം- വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത. പള്ളികളില്‍ ഞായറാഴ്ച ഇതുസംബന്ധിച്ച സര്‍ക്കുലര്‍ വായിച്ചു. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരണം എന്നാണ് ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയുടെ സര്‍ക്കുലര്‍.
വിഴിഞ്ഞം തുറമുഖ നിര്‍മാണംമൂലമുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണമെന്നും തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്നാണ് സര്‍ക്കുലറിലെ ആവശ്യം. തീരശോഷണത്തില്‍ വീട് നഷ്ടപെട്ടവരെ വാടക നല്‍കി മാറ്റി പാര്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്നു.
സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശമാണ് സര്‍ക്കുലറില്‍ ഉന്നയിക്കുന്നത്. തുറമുഖത്തിന്റെ നിര്‍മാണം തടസ്സപ്പെടുത്തി സമരം നടത്തരുതെന്ന ഹൈക്കോടതിയുടെ അനുകൂല വിധി നേടിയെടുക്കാന്‍ അദാനി ഗ്രൂപ്പിന് സര്‍ക്കാരിന്റെ സഹായം ലഭിച്ചുവെന്ന് സര്‍ക്കുലറില്‍ ആരോപിക്കുന്നുണ്ട്.
പലതവണ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാവാത്ത പശ്ചാത്തലത്തില്‍ ഈ മാസം 13 വരെ സമരം തുടരാനാണ് അതിരൂപതയുടെ തീരുമാനം.