ഹൈദരാബാദ്- ഇരുപക്ഷം തിരിഞ്ഞുള്ള അധികാര തർക്കത്തിനൊടുവിൽ സിപിഎം പാർട്ടി സെക്രട്ടറിയെയും പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തെങ്കിലും പാർട്ടി കോൺഗ്രസിനുള്ളിൽ അലിഞ്ഞു തീരാതെ അവശേഷിക്കുന്ന ഭിന്നത യെച്ചൂരിക്കു മുന്നിൽ വെല്ലുവിളിയാകും. പാർട്ടി ഒറ്റക്കെട്ടെന്നു പ്രഖ്യാപിക്കുമ്പോഴും അകത്തും പുറത്തും ആ ഐക്യം ഉറപ്പിച്ചു നിർത്തുക എന്നതും കേരളം, ബംഗാൾ സംസ്ഥാനങ്ങളുടെ നിലപാടുകളെ സമവായത്തോടെ നേരിടുക എന്നതും യെച്ചൂരിക്കു മുന്നിൽ വലിയ പരീക്ഷണമാകും.
കേന്ദ്ര കമ്മിറ്റിയിൽ വോട്ടിനിട്ടു പരാജയപ്പെട്ടെങ്കിലും കരട് രാഷ്ട്രീയ പ്രമേയത്തിൻമേൽ താൻ അവതരിപ്പിച്ച ന്യൂനപക്ഷ നിലപാടിന് അനുസരിച്ച് രാഷ്ട്രീയ പ്രമേയത്തിൽ ഭേദഗതി വരുത്തിയത് ബംഗാൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളെ കൂട്ടുപിടിച്ചുള്ള സമ്മർദ തന്ത്രങ്ങൾക്കൊടുവിലായിരുന്നു. ബംഗാളിനൊപ്പം യെച്ചൂരിയോട് ചേർന്ന് അപ്രതീക്ഷതമായി ത്രിപുര ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ കൂടി ചേർന്നതോടെ രാഷ്ട്രീയ പ്രമേയത്തിലെ കോൺഗ്രസ് ബന്ധം സംബന്ധിച്ച ഖണ്ഡിക മാറ്റിയെഴുതാം എന്ന തീരുമാനത്തിലേക്കെത്തുകയായിരുന്നു.
എന്നാൽ, രാഷ്ട്രീയ പ്രമേയത്തിന്റെ കരടിൽ വരുത്തിയ മാറ്റങ്ങളോടെ തർക്കങ്ങൾ അവസാനിച്ചില്ല. പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റികളിലേക്കുള്ള പുതിയ പാനൽ തീരുമാനിക്കുന്നതിലും ഭിന്നത നിഴലിച്ചു. ശനിയാഴ്ച ചേർന്ന പോളിറ്റ് ബ്യൂറോ യോഗം ഇക്കാര്യത്തിൽ കൂട്ടായ തീരുമാനത്തിലെത്താൻ കഴിയാതെയാണ് രാത്രി വൈകി പിരിഞ്ഞത്. തുടർന്ന് ഇന്നലെ രാവിലെ ഒമ്പതിന് ചേർന്ന യോഗവും രണ്ടു മണിക്കൂറിലേറെ നീണ്ടുപോയി. പാർട്ടി സെന്റർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള എസ്. രാമചന്ദ്രൻ പിള്ളയെ നിലനിർത്തണമെന്ന് കാരാട്ട് പക്ഷം വാദിച്ചു. അതോടൊപ്പം തന്നെ നിലവിലുള്ള പിബി, സിസി അംഗ ഘടന അതേപടി നിലനിർത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, ഇരുസമിതികളിലും ഭൂരിപക്ഷം ഉറപ്പാക്കാനായെങ്കിലും പരമാവധി അനുകൂല സാഹചര്യം ഉണ്ടാക്കണമെന്നുള്ള യെച്ചൂരി പക്ഷത്തിന്റെ നിലപാട് ഇതിനെതിരായി നിന്നു. ഒടുവിൽ പിബിയിലേക്ക് ബംഗാളിൽ നിന്നും രണ്ടു പേരെ എത്തിച്ചും സിസിയിൽ 19 പുതുമുഖങ്ങളെ എത്തിച്ചുമാണ് സമവായം ഉണ്ടാക്കിയത്.
അതിനിടെ, പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ ലൈൻ സംബന്ധിച്ചു ധാരണയായിട്ടും യെച്ചൂരിയുടെ നിലപാട് നിരാകരിക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള തർക്കം പൂർണമായി അവസാനിക്കാതെ നിൽക്കുന്നു. തങ്ങളുടെ നിലപാട് പാർട്ടി കോൺഗ്രസിൽ പിന്തള്ളപ്പെട്ടുവെന്ന് അംഗീകരിക്കാൻ വിമുഖതയുള്ള കാരാട്ട് പക്ഷം ഐക്യ പ്രഖ്യാപനത്തിന് ശേഷം ഇനിയും അസ്വാരസ്യങ്ങൾ തുടർന്നാൽ അതിലൊരു സമവായം ഉണ്ടാക്കാൻ പാർട്ടി സമിതികളും സീതാറാം യെച്ചൂരിയും ഏറെ പ്രതിസന്ധികൾ മറികടക്കേണ്ടി വരും.