അഹമ്മദാബാദ്- 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ക്കായി വ്യാജ തെളിവുകള്‍ ചമച്ചെന്ന് ആരോപിച്ച് ജയിലിലടച്ച ആക്ടീവിസ്റ്റ് ടീസ്റ്റ സെതല്‍വാദ് ജയില്‍ മോചിതയായി. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് അവര്‍ ഇന്നലെ അഹമ്മദാബാദിലെ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.
ജൂണ്‍ 26ന് അറസ്റ്റിലായതു മുതല്‍ അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലായിരുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരം, ജാമ്യ നടപടികള്‍ക്കായി ഇന്നലെ സെഷന്‍സ് ജഡ്ജി വി.എ റാണയ്ക്ക് മുന്നില്‍ ഹാജരാക്കി.
'സുപ്രീം കോടതി ചുമത്തിയ ഉപാധികള്‍ക്ക് പുറമെ, രണ്ട് നിബന്ധനകളാണ് സെഷന്‍സ് കോടതി ചുമത്തിയത്. 25,000 രൂപയുടെ വ്യക്തിഗത ബോണ്ട് നല്‍കാനും മുന്‍കൂര്‍ അനുമതിയില്ലാതെ ഇന്ത്യ വിടരുതെന്നും സെഷന്‍സ് കോടതി ആവശ്യപ്പെട്ടതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പട്ടേല്‍ പറഞ്ഞു.