ദോഹ- ഫിഫ 2022 വളണ്ടിയര്‍ ഓറിയന്റേഷനിലും സജീവ സാന്നിധ്യമായി മലയാളി വളണ്ടിയര്‍മാര്‍. ലോകോത്തര സ്‌റ്റേഡിയമായ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഒത്തുകൂടിയ പതിനാറായിരത്തോളം വളണ്ടിയര്‍മാരില്‍ ആയിരത്തിലധികം മലയാളി വളണ്ടിയര്‍മാരായിരുന്നു. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന മലയാളി വളണ്ടിയര്‍ സംഘം ഖത്തറിന്റെ ഐതിഹാസിക കായിക ചരിത്രത്തില്‍ അവിസ്മരണീമായ അധ്യായങ്ങളുടെ ഭാഗമാവുകയാണ്.
മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന ഫിഫ 2022 ലോക കപ്പ് ഖത്തറിന്റെ ഗാലറിയിലും പിന്നണിയിലും മലയാളി സാന്നിധ്യം ശ്രദ്ധേയമാകും. ആയിരത്തിലധികം വളണ്ടിയര്‍മാരാണ് സേവനരംഗത്ത് ഇതിനകം തന്നെ സാന്നിധ്യമുറപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഖത്തറില്‍ നടക്കുന്ന എല്ലാ ടൂര്‍ണമെന്റുകളിലേയും അവിഭാജ്യഘടകമായി മാറിയ മലയാളി വളണ്ടിയര്‍മാര്‍ ഇന്ത്യന്‍ സമൂഹത്തിന് പൊതുവിലും മലയാളി കമ്മ്യൂണിറ്റിക്ക് വിശേഷിച്ചും അഭിമാനകരമാണ് .