ഗുവാഹത്തി- മണിപ്പൂരിലെ ജനതാദൾ യുനൈറ്റഡിലെ ഏഴ് എം.എൽ.എമാരിൽ അഞ്ചു പേർ ബി.ജെ.പിയിൽ ചേർന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയായ ജനതാദളിന്റെ (യുണൈറ്റഡ്) ഏഴ് എം.എൽ.എമാരിൽ അഞ്ച് പേരും വെള്ളിയാഴ്ച ഭരണകക്ഷിയായ ബി.ജെ.പിയിൽ ചേർന്നതായി സംസ്ഥാന നിയമസഭയിൽ നിന്നുള്ള പ്രസ്താവനയിലാണ് വ്യക്തമാക്കിയത്.
അഞ്ച് ജെ.ഡി.യു എം.എൽ.എമാരെ ബി.ജെ.പിയിൽ ലയിപ്പിച്ചത് അംഗീകരിക്കുന്നതിൽ സ്പീക്കർക്ക് സന്തോഷമുണ്ടെന്ന് മണിപ്പൂർ നിയമസഭാ സെക്രട്ടറി കെ.മേഘജിത് സിങ് ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നു. പക്ഷം മാറിയ എം.എൽ.എമാരുടെ എണ്ണം ആകെയുള്ളതിന്റെ മൂന്നിൽ രണ്ട് ഭാഗത്തിൽ കൂടുതലായതിനാൽ, അവരുടെ കൂറുമാറ്റം സാധുവായി കണക്കാക്കും.
ഇത് രണ്ടാം തവണയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനതാദൾ യുനൈറ്റഡ് നിയമസഭാംഗങ്ങളെ ബി.ജെ.പി ലക്ഷ്യമിടുന്നത്. 2020ൽ അരുണാചൽ പ്രദേശിലെ ഏഴ് ജെ.ഡി.യു നിയമസഭാംഗങ്ങളിൽ ആറ് പേരും ബി.ജെ.പിയിൽ ചേർന്നിരു. കഴിഞ്ഞയാഴ്ച ഏക എം.എൽ.എയും ബിജെപിയിൽ ചേർന്നു.
ഈ വർഷം മാർച്ചിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആറു മണ്ഡലങ്ങളിൽ ജെ.ഡി.യു വിജയിച്ചിരുന്നു. കെ ജോയ്കിഷൻ, എൻ സനേറ്റ്, എം.ഡി അച്ചാബുദ്ദീൻ, മുൻ ഡി.ജി.പി എൽ.എം ഖൗട്ടെ, തങ്ജം അരുൺകുമാർ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്ന എം.എൽ.എമാർ.
ഖൗട്ടെയും അരുൺകുമാറും മുമ്പ് ബി.ജെ.പിക്ക് വേണ്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പാർട്ടി നിരസിച്ചതിനെ തുടർന്ന് ജെഡിയുവിൽ ചേർന്നതായിരുന്നു.