Sorry, you need to enable JavaScript to visit this website.

മകനെ മാതാവ് പീഡിപ്പിച്ചെന്ന കടയ്ക്കാവൂര്‍ കേസ് സുപ്രീം കോടതി തള്ളി

ന്യൂദല്‍ഹി- കടയ്ക്കാവൂര്‍ പോക്‌സോ കേസ് സുപ്രീം കോടതി തള്ളി. മാതാവിനെതിരെ മകന്റെ ഹരജി ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. ആരോപണവിധേയായ മാതാവ് നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടും ജാമ്യവും റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. മാതാവിനെതിരായ മൊഴി ആരുടെയും പ്രേരണ കൊണ്ടല്ലന്നും പരാതി നല്‍കാന്‍ പിതാവ് ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു മകന്റെ വാദം. മകനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്നാണ് ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ വര്‍ഷം ജൂണില്‍ റിപോര്‍ട്ട് നല്‍കിയിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ഡിസംബറില്‍ തിരുവനന്തപുരം പോക്‌സോ കോടതി കേസ് നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതി തന്റെ വാദം കേട്ടില്ലെന്നും പ്രോസിക്യുഷന്റെ ഭാഗം മാത്രമാണ് കേട്ടതെന്നും കാണിച്ചാണ് മകന്‍ സുപ്രിം കോടതിയെ സമീപിച്ചത്.

ഹൈക്കോടതി ഉത്തരവ് റദ്ദാക്കി മാതാവ് വിചാരണ നേരിടണമെന്നായിരുന്നു അഭിഭാഷക അന്‍സു കെ വര്‍ക്കി മുഖേന സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറഞ്ഞിരുന്നത്.  
വിദേശത്ത് പിതാവിനൊപ്പം കഴിയുമ്പോള്‍ കുട്ടി അശ്ലീല വിഡീയോ കാണുന്നത് മാതാവ് കണ്ടുപിടിച്ചെന്നും ഈ സമയം രക്ഷപ്പെടാന്‍ മാതാവ് പീഡിപ്പിച്ചെന്ന പരാതി ഉന്നയിച്ചെന്നുമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എട്ട് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം 12 ദിവസം ആശുപത്രിയില്‍ പാര്‍പ്പിച്ച് കുട്ടിയെ പരിശോധിച്ചിരുന്നു. മാനസികാരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

കുട്ടി പറയുന്നത് വിശ്വാസ യോഗ്യമല്ലെന്നാണ് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയത്.  അമ്മയുടെ മൊബൈലിലൂടെ കുട്ടി സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണാറുണ്ടെന്ന് കൗണ്‍സിലിംഗില്‍ വ്യക്തമായി. കേസിന് പിന്നില്‍ കുട്ടിയുടെ പിതാവിന് പങ്കുണ്ടെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ പരാതിക്ക് പിന്നില്‍ മറ്റു പ്രേരണയില്ലെന്നാണ് അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ട്.

 

Latest News