കൊച്ചി- ഓണത്തോടനുബന്ധിച്ച് മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പറയുന്ന സ്ഥലങ്ങളില്‍ മദ്യം എത്തിച്ച് നല്‍കിവന്നിരുന്ന രണ്ട് പേര്‍ പിടിയില്‍. കലൂര്‍ ദേശാഭിമാനി പോണോത്ത് റോഡില്‍ വെളുത്തമനയില്‍ ബിനു കരംചന്ദ് (43), പള്ളിപ്പുറം ചെറായി ദേശത്ത് വടക്കേവീട്ടില്‍ ഷണ്‍മുഖന്‍ (51) എന്നിവരെയാണ് എറണാകുളം റേഞ്ച് എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ പക്കല്‍ നിന്ന് അര ലിറ്റിന്റെ 130 (65 ലിറ്റര്‍) കുപ്പി മദ്യം പിടിച്ചെടുത്തു.
ഓണാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പാര്‍ട്ടികളില്‍ 'ഓണം സ്‌പെഷ്യല്‍ ഡോര്‍ ഡെലിവറി' എന്ന പേരില്‍ ഓഡര്‍ അനുസരിച്ച് മദ്യം എത്തിച്ച് നല്‍കിവരുകയായിരുന്നു. വിനു കരംചന്ദിന്റെ പോണോത്ത് റോഡിലെ വീട്ടില്‍ വന്‍ തോതില്‍ മദ്യം സൂക്ഷിച്ച് വച്ച ശേഷം ഓഡര്‍ ലഭിക്കുന്ന മുറയ്ക്ക് ഷണ്‍മുഖന്‍ ടൂവിലറില്‍ കൊണ്ട് പോയി കൂടിയ വിലക്ക് മദ്യം ഡോര്‍ ഡെലിവറി നടത്തുന്നതായിരുന്നു വില്‍പനയുടെ രീതി.
കലൂരില്‍ നിന്ന് 12 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ക്ക് മാത്രമേ ഇവര്‍ മദ്യം ഡോര്‍ ഡെലിവറി നടത്താറുള്ളൂ എന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് സിറ്റി മെട്രോ ഷാഡോ സംഘം നഗരത്തില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. മദ്യം ഡോര്‍ ഡെലിവറി നടത്തുന്നു എന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വിവിധ ഇടങ്ങളില്‍ നിന്നായി അരലിറ്ററിന്റെ മദ്യക്കുപ്പികള്‍ വന്‍ തോതില്‍ വാങ്ങി കൊണ്ട് വരവെ വിനുവിനെ പോണോത്ത് റോഡിലെ ഇയാളുടെ അപ്പാര്‍ട്ട്‌മെന്റിന് സമീപം വച്ച് ഷാഡോ സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതിന്റെ വെളിച്ചത്തില്‍ ഓര്‍ഡര്‍ പ്രകാരം മദ്യം എത്തിച്ച് കൊടുക്കാന്‍ പോയിരിക്കുകയായിരുന്ന ഡോര്‍ ഡെലിവറി ബോയ് ഷണ്‍മുഖനെയും എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു.
ഇന്‍സ്‌പെക്ടര്‍ എം. എസ്. ഹനീഫ, പ്രിവന്റീവ് ഓഫീസര്‍ ഋഷികേശന്‍ പി. യു, സിറ്റി മെട്രോ ഷാഡോയിലെ പ്രിവന്റിവ് ഓഫീസര്‍ എന്‍. ജി അജിത്ത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍. ഡി ടോമി, സിറ്റി റേഞ്ചിലെ ദിനോബ് എസ്, പ്രമിത സി. ജി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.