Sorry, you need to enable JavaScript to visit this website.

പീഡനം ചെറുത്ത യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു, ഒപ്പം ചാടിയ പ്രതി ആശുപത്രിയില്‍

ചണ്ഡീഗഡ്- പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്ത യുവതിയെ ഓടുന്ന ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഹരിയാനയിലെ ഫത്തേബാദ് ജില്ലയിലാണ് സംഭവം. ട്രെയിനില്‍ തനിച്ചായ ഒമ്പത് വയസ്സായ മകന്‍  ഫത്തേബാദിലെ തൊഹാന ടൗണ്‍ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം സംഭവിച്ച കാര്യങ്ങള്‍ അച്ഛനോട് പറയുകയായിരുന്നു.
മൂന്ന് യാത്രക്കാര്‍ ഒഴികെ മുഴുവന്‍ കോച്ചുകളും കാലിയായിരുന്നുവെന്ന് ഫത്തേബാദ് പോലീസ് മേധാവി അസ്ത മോദി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നുവെന്നും  യുവതി ചെറുത്തതിനെ തുടര്‍ന്ന് അക്രമി  തള്ളിയിടുകയായിരുന്നുവെന്നും  കുട്ടി പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിച്ച് പോലീസ് പറഞ്ഞു.
ട്രെയിന്‍ 20 കിലോമീറ്റര്‍ അകലെയായിരിക്കുമ്പോള്‍  മൊബൈലില്‍ വിളിച്ച് സ്‌റ്റേഷനിലേക്ക് വരാന്‍ പറഞ്ഞിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു.  
യുവതിയ തള്ളിയിട്ടശേഷം ട്രെയിനില്‍നിന്ന് ചാടിയ സന്ദീപ് (27) എന്ന പ്രതിയെ പിന്നീട് പോലീസ് കണ്ടെത്തി ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജിആര്‍പി) പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
യുവതി  കുറച്ച് ദിവസങ്ങളായി റോഹ്തക്കില്‍ താമസിച്ചുവരികയായിരുന്നുവെന്നും വ്യാഴാഴ്ച രാത്രിയാണ് തൊഹാനയിലേക്ക് മടങ്ങാന്‍ ട്രെയിന്‍ കയറിയതെന്നും   ഭര്‍ത്താവ് പറഞ്ഞു.
പോലീസും യുവതിയുടെ വീട്ടുകാരും ചേര്‍ന്ന് അര്‍ദ്ധരാത്രി വരെ റെയില്‍വേ ട്രാക്കില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇരുട്ടും ഉയരമുള്ള കുറ്റിക്കാടുകളും കാരണം  തിരച്ചില്‍ ദുഷ്‌കരമായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

റെയില്‍വേ പോലീസ് രാത്രികാലങ്ങളില്‍ കോച്ചുകളില്‍ നിരീക്ഷണം നടത്തേണ്ടതിനാല്‍ സുരക്ഷാവീഴ്ചയുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് തൊഹാനയിലെ റെയില്‍വേ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജഗദീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

Latest News