ഹൈദരാബാദ്- അട്ടിമറികൾ സംഭവിച്ചില്ല. സി.പി.എം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പതിനേഴ് അംഗ പോളിറ്റ് ബ്യൂറോയെ തെരഞ്ഞെടുത്ത പാർട്ടി കോൺഗ്രസ് കേന്ദ്ര കമ്മിറ്റിയിൽ പത്ത് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് പോളിറ്റ് ബ്യൂറോയിൽ മുതിർന്ന അംഗമായ എസ്. രാമചന്ദ്രൻ പിള്ളയെ നിലനിർത്തി. അതേസമയം എ.കെ പദ്മനാഭൻ പി.ബിയിൽനിന്ന് മാറി. മുതിർന്ന അംഗങ്ങളായ വി.എസ് അച്യുതാനന്ദനും പാലോളി മുഹമ്മദ് കുട്ടിയും കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളായി. എ.കെ പദ്മനാഭനു പകരം സി.ഐ.ടി.യു നേതാവ് തപൻ സെന്നിനെ ഉൾപ്പെടുത്തി. നിലോൽപൽ ബസുവും പി.ബിയിൽ എത്തി. കേരളത്തിൽനിന്നും സി.സിയിലേക്ക് കെ. രാധാകൃഷ്ണനും എം.വി ഗോവിന്ദനും പുതുതായി എത്തി.