ജയ്പൂര്‍- സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പകുതിയിലേറെയും വ്യാജമാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.
ആരാണ് ബലാത്സംഗം ചെയ്യുന്നത്? പെണ്‍കുട്ടികളുടെ ബന്ധുക്കളും പരിചയക്കാരും വീട്ടുകാരുമാണ് കൂടുതലും അക്രമികള്‍. സ്ത്രീകള്‍ക്കെതിരായ 56 ശതമാനം കുറ്റകൃത്യങ്ങളിലും തെറ്റായ വിവരങ്ങളും കള്ളക്കേസുകളുമാണ്- ജയ്പൂരില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കള്ളക്കേസുകള്‍ നല്‍കുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെയും പോലീസിനെയും അപകീര്‍ത്തിപ്പെടുത്താന്‍ മുതിരാതിരിക്കാന്‍ കള്ളക്കേസുകള്‍ നല്‍കുന്നവരെ വെറുതെ വിടരുതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ബലാത്സംഗങ്ങളും കുറ്റകൃത്യങ്ങളും വര്‍ധിച്ചുവെന്നുവരുത്താനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം രാജസ്ഥാനാണന്ന് ദേശീയ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്‍സിആര്‍ബി റിപ്പോര്‍ട്ടിന്റെ ഒരു ഖണ്ഡിക വായിക്കണമെന്നും ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായ സാഹചര്യങ്ങളും സമീപനങ്ങളുമുണ്ടെന്ന് അതില്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ നിയന്ത്രണത്തിലാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്‍സിആര്‍ബിയുടെ കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്കെതിരായ മൊത്തത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഉത്തര്‍പ്രദേശിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍, അതേസമയം ബലാത്സംഗക്കേസുകളില്‍ ഒന്നാം സ്ഥാനത്താണ് .
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ രാജസ്ഥാന്‍ താരതമ്യേന മെച്ചപ്പെട്ട നിലയിലാണെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (െ്രെകം) രവി പ്രകാശ് മെഹ്‌റദ അവകാശപ്പെട്ടു.
എന്‍സിആര്‍ബി റിപ്പോര്‍ട്ട് പ്രകാരം രാജസ്ഥാനില്‍ കൂടുതല്‍ ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും തടസ്സമില്ലാതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക എന്ന നയം സ്വീകരിച്ചതാണ് ഇതിന് പ്രധാന കാരണമെന്ന് എഡിജിപി പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പോലീസ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് മെഹ്‌റദ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് എടുക്കുന്ന ശരാശരി സമയം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.