ന്യൂദല്‍ഹി- സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കും ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി. 1997 ഏപ്രിലിനുശേഷം വിരമിക്കുകയും അഞ്ചുവര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കുകയും ചെയ്ത സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്ക് ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടെന്നാണ് കോടതി വിധി.1972ലെ പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി നിയമത്തിലെ, 2009ലെ ഭേദഗതി സുപ്രിം കോടതി ശരിവെക്കുകയും ഗ്രാറ്റുവിറ്റിയുടെ ആനുകൂല്യം സ്വകാര്യ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കും ബാധകമാകുമെന്നും വ്യക്തമാക്കി.
നിയമനിര്‍മ്മാണ പിഴവിന്റെ പേരില്‍ അധ്യാപകര്‍ അനുഭവിക്കുന്ന അനീതിയും വിവേചനവും മുന്‍കാല പ്രാബല്യത്തോടെയുള്ള ഭേദഗതി പരിഹരിക്കുമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
അധ്യാപകര്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കാനുള്ള ശേഷിയില്ലെന്ന സ്വകാര്യ സ്‌കൂളുകളുടെ വാദം ബെഞ്ച് തള്ളി. നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആറാഴ്ചയ്ക്കുള്ളില്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഗ്രാറ്റുവിറ്റി പലിശ സഹിതം നല്‍കാന്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ഭേദഗതിയുടെ സാധുത ചോദ്യം ചെയ്ത് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.