Sorry, you need to enable JavaScript to visit this website.

പോക്‌സോ കേസില്‍ മഠാധിപതി   അറസ്റ്റില്‍

മൈസുരു-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ലിംഗായത്ത് മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരണരു അറസ്റ്റില്‍. മുരുഗയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ചത്രദുര്‍ഗ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇദ്ദേഹത്തെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ചിത്രദുര്‍ഗയിലെ ഒരു പ്രമുഖ ലിംഗായത്ത് മഠത്തിന്റെ മുഖ്യ മഠാധിപതിയാണ് ശിവമൂര്‍ത്തി മുരുഘ ശരണാരു.
മുരുഗ ശരണഗുരു കൂടാതെ മഠത്തിലെ വാര്‍ഡന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കേസില്‍ പ്രതികളാണ്. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ വാര്‍ഡന്‍ രശ്മിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മഠം നടത്തുന്ന സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ നല്‍കിയ പരാതിയില്‍ മഠാധിപതിക്കെതിരെ കേസെടുക്കുകയായിരുന്നു.
പോക്‌സോ വകുപ്പ് ചുമത്തിയാണ് മൈസൂരു സിറ്റി പോലീസിന്റെ നടപടി. പിന്നാലെ പ്രതിയുടെ അറസ്റ്റ് വൈകുന്നതിനെതിരെ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. നേരത്തെ മഠം നടത്തുന്ന സ്‌കൂള്‍ ഹോസ്റ്റലിലെ ചീഫ് വാര്‍ഡനെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 15ഉം 16ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ മൂന്നര വര്‍ഷത്തിലേറെയായി മഠാധിപതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
ജൂലൈ 24 ന് ഹോസ്റ്റല്‍ വിട്ടിറങ്ങിയ കുട്ടികളെ ജൂലൈ 25 ന് കണ്ടെത്തി. പിന്നാലെ ആഗസ്റ്റ് 26 ന് മൈസൂരിലെ നസര്‍ബാദ് പോലീസ് സ്‌റ്റേഷനില്‍ മഠാധിപതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പരാതി തനിക്കെതിരെയുള്ള ദീര്‍ഘകാല ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പ്രതിയുടെ വാദം.മഠത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും മുന്‍ എം.എല്‍.എയുമായ എസ്.കെ. ബസവരാജനാണ് ഗൂഢാലോചനക്ക് പിന്നിലെന്ന് മുരുകമഠം ഉപദേശക സമിതി അംഗം എന്‍.ബി.വിശ്വനാഥ് നേരത്തെ ആരോപിച്ചിരുന്നു. ലിംഗായത്ത് മഠത്തിലെ ഒരു ജീവനക്കാരിയെന്ന് പറയപ്പെടുന്ന സ്ത്രീയുടെ പരാതിയില്‍ ബസവരാജനെതിരെ ലൈംഗികാതിക്രമത്തിനും തട്ടിക്കൊണ്ടുപോകലിനും കേസെടുത്തിരുന്നു
 

Latest News