ന്യൂദല്‍ഹി- ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിനെ രണ്ട് മാസത്തിലേറെയായി ഗുജറാത്ത് ജയിലിലടച്ചതിനെ നിശിതമായി വിമര്‍ശിച്ച് സുപ്രീം കോടതി. ജാമ്യാപേക്ഷയില്‍ ആറാഴ്ചയ്ക്ക് ശേഷം മറുപടി നല്‍കാന്‍ ഗുജറാത്ത് ഹൈക്കോടതി എന്തടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് പരമോന്നത നീതിപീഠം ചോദിച്ചു.
ജാമ്യം അനുവദിക്കാന്‍ പറ്റാത്ത കുറ്റമൊന്നും ടീസ്റ്റക്കെതിരായ കേസില്‍ കാണാനില്ലെന്ന് ചീഫ് ജസ്റ്റിസ് യു.യു.ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു. ജാമ്യാപേക്ഷ നാളെ ഉച്ചയ്ക്ക് രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.
ടീസ്റ്റ സെതല്‍വാദ് രണ്ട് മാസത്തിലേറെയായി ജയിലില്‍ കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന കാര്യം ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. ഹരജിക്കാരിക്കെതിരെ ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളല്ലാതെ വേറെ കുറ്റങ്ങളൊന്നും ആരോപിച്ചിട്ടുമില്ല. ഒരു വനിതയാണെന്ന കാര്യം ഗുജറാത്ത് ഹൈക്കോടതി പരിഗണിച്ചില്ലെന്നും ജഡ്ജിമാർ പറഞ്ഞു.