Sorry, you need to enable JavaScript to visit this website.

മുണ്ടശ്ശേരിയും കെ.ടി. ജലീലും ലീഗ് മന്ത്രിമാരുടെ 'അയോഗ്യതയും'

  •     സർക്കാർ പരിസ്ഥിതി അഭയാർഥികളെ സൃഷ്ടിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ 

15-ാം നിയമ സഭയുടെ ആറാം സമ്മേളനം ഏഴ് ദിവസമാണ് ചേർന്നത് - ഓർഡിനൻസിന് പകരം നിയമ നിർമാണം നടത്താൻ മാത്രമായി നടത്തേണ്ടി വന്ന സമ്മേളനം. നിയമമാകനുള്ള നിരവധി ബില്ലുകൾ അവശേഷിക്കുന്ന സാഹചര്യത്തിൽ നിയമ നിർമാണത്തിനായി ഈ വർഷം ഒരു സമ്മേളനം കൂടി ചേരേണ്ടതുണ്ടോ എന്ന് സർക്കാർ പരിശോധിക്കണമെന്നാണ് സ്പീക്കർ എം.ബി. രാജേഷ് സഭ അനിഞ്ചിത കാലത്തേക്ക് പിരിയും മുമ്പ് പറഞ്ഞത്. 
നടപ്പ് സമ്മേളന കാലത്തെ പ്രധാന സംഭവം മന്ത്രി സഭയിലെ അംഗമായ എം.വി. ഗോവിന്ദൻ മാസ്റ്റർ പാർട്ടി അധികാരിയായിമാറി എന്നതാണ്. എല്ലാ വിഷയങ്ങളും താത്വികമായി അവലോകനം ചെയ്യാൻ മന്ത്രിയെന്ന നിലക്ക് ഇനിയദ്ദേഹം സഭയിലുണ്ടാകില്ല. 
സി.പി.എമ്മിന്റെ സെക്രട്ടറിയായ അദ്ദേഹം എം.എൽ.എ ആയി തുടരുമോ എന്നതും അന്തിമമായി തീരുമാനിച്ചിട്ടില്ല. എം.എൽ.എ സ്ഥാനം ഒഴിയുകയാണെങ്കിൽ സഭാംഗം എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ അവസാന ദിവസം ഇന്നലെയായി കണക്കാക്കാം. ചടയൻ ഗോവിന്ദന് പകരം പാർട്ടി അധികാരം കൈയ്യിൽ വന്ന പിണറായി വിജയൻ കയറി എത്തിയ സ്ഥാനങ്ങൾക്കും, പ്രത്യേക സാഹചര്യത്തിൽ കോടിയേരിയിൽ നിന്ന് പദവി ഏറ്റെടുത്ത ഗോവിന്ദൻ മാസ്റ്ററും തമ്മിൽ താരതമ്യമില്ല. പിണറായി വിജയന്റെ പാർട്ടി സെക്രട്ടറിക്കാലം വി.എസ് എന്ന പോരാളിയോടുള്ള യുദ്ധ കാലവുമായിരുന്നു.  
 അവസാന ദിനത്തിലെ തീ പാറിയ വാക് പോരിന്റെ വിഷയം മുസ്‌ലിം ലീഗ് കാരായ വിദ്യാഭ്യാസ മന്ത്രിമാരുടെയും സി.പി.എം മന്ത്രി സഭയിലെ വിദ്യാഭ്യാസ മന്ത്രിമാരുടെയും അക്കാദമിക് യോഗ്യത താരതമ്യമായിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ആർ. ബിന്ദുവാണ് വിവാദ തീപ്പൊരി വിതറുന്ന പരാമർശം നടത്തിയത്. 
ഇടതു വിദ്യാഭ്യാസ മന്ത്രിമാരായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, ഡോ. കെ.ടി. ജലീൽ എന്നിവരെയും ലീഗിന്റെ മന്ത്രി മാരെയും താരതമ്യം ചെയ്യാനായിരുന്നു ഡോക്ടറേറ്റുടമയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിന്റെ  വെല്ലുവിളി സ്വരത്തിലുള്ള വാക്കുകൾ. 
എന്നാൽ പിന്നെ ആയിക്കോട്ടെ, സി.പി.എം മന്ത്രിമാരുടെയെല്ലാം പ്രൊഫൈൽ നമുക്കൊന്ന് ചർച്ചക്കിടാം എന്ന വി.ഡി. സതീശന്റെ വാക്കുകൾക്ക് നല്ല ആത്മ ബലം. വരും നാളുകളിലും ഇപ്പറഞ്ഞ അക്കാദമിക്ക് യോഗ്യത വിവാദം സജീവമാകുമെന്നതിന്റെ സൂചനയായി സതീശന്റെ തത്സമയ നിലപാട്. സി.പി.എം മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയുമെല്ലാം വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ പരിശോധനയായിരിക്കും ഇനി നടക്കുക. മരിച്ചവർക്കും രക്ഷയുണ്ടാകാൻ സാധ്യത കുറവ്. വലിയ എഴുത്തുകാരനും ചിന്തകനുമൊക്കെയായ സി.എച്ച്. മുഹമ്മദ് കോയയെപ്പോലൊരാൾ ലീഗുകാരനായ വിദ്യാഭ്യാസ മന്ത്രിയായിരുന്നു എന്നറിയാമോ എന്ന് ബിന്ദു വിനോട് നിയമസഭ കക്ഷി ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം.  
വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള ബിൽ റദ്ദാക്കുന്ന കാര്യത്തിൽ നിയമസഭ ഏകകകണ്ഠമായാണ് തീരുമാനമെടുത്തത്. ലീഗ്, സമസ്ത അടക്കമുള്ള സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് നിയമത്തിൽനിന്ന് സർക്കാറിന് പിന്നോട്ട് പോകേണ്ടി വന്നത്. 
ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് വഖഫ് ബിൽ റദ്ദാക്കാനുള്ള ബിൽ അജണ്ടയ്ക്ക് പുറത്ത് സഭയിൽ കൊണ്ട് വരാൻ തീരുമാനമെടുത്തത്. ഇനി അതാത് സമയത്ത് ഇന്റർവ്യൂ ബോർഡ് ഉണ്ടാക്കി വഖഫിൽ നിയമനം നടത്തും. 
ബിൽ പിൻവലിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. അപ്പോഴെ പറഞ്ഞില്ലെ, വേണ്ടാന്ന്്.... ഈ ബില്ലിനെ പ്രതിപക്ഷം എതിർത്തിരുന്നില്ല. ചില മാറ്റം വേണമെന്നേ പറഞ്ഞുള്ളൂ. 
ബില്ലിനെ എതിർത്തതല്ലാതെ നിയമം വേണ്ടന്ന് നേരത്തെ ആരും പറഞ്ഞില്ലെന്ന് ലീഗ് അംഗങ്ങളും ചൂണ്ടിക്കാട്ടി. ഇതിനായി രേഖകൾ പരിശോധിക്കാം. സർക്കാരിന് കുറച്ചിലായി കാണേണ്ടതില്ല, പ്രതിപക്ഷം പറയുന്നതിൽ കാര്യമുണ്ടെന്ന് ഇനിയെങ്കിലും മനസ്സിലാക്കിയാൽ മതിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കുത്ത്. 
വിവാദമായ സർവകലാശാല നിയമഭേദഗതി ബില്ലും നിയമസഭ പാസാക്കി. തലനാരിഴകീറിയ വാദ ഗതികളുമായി ഭരണ-പ്രതിപക്ഷങ്ങൾ തർക്കിച്ചു. 
വി.സി നിയമന പാനലിൽ അഞ്ചംഗങ്ങൾ വരുന്നതോടെ സർവകലാശാലകളിലെ ആർ.എസ്.എസ് ഇടപെടലുകൾ തടയാൻ കഴിയുമെന്ന് ഭരണപക്ഷ നിരയിൽനിന്ന് കെ.ടി. ജലീൽ ന്യായം ചമച്ചപ്പോൾ, ആർ.എസ്.എസിന്റെ കാവി വൽക്കരണം പോലെ അപകടകരമാണ് സർവകലാശാലകളുടെ കമ്യൂണിസ്റ്റ് വൽക്കരണവുമെന്ന് പ്രതിപക്ഷം സങ്കോചമില്ലാതെ തിരിച്ചടിച്ചു. 
ധിക്കാരപരവും അധാർമികവുമാണ് സർക്കാരിന്റെ ഓരോ നിലപാടുകളും. സർക്കാരിന്റെ താൽപര്യത്തിന് വിരുദ്ധമായ നിയമങ്ങൾ അപ്പാടെ മാറ്റാനാണ് ശ്രമമെന്ന്  രമേശ് ചെന്നിത്തല നിരീക്ഷിച്ചു. 
സെർച്ച് കമ്മിറ്റി അംഗങ്ങളിൽ  സർവകലാശാലയുമായി ബന്ധമുള്ളയാൾ പാടില്ലെന്ന് യു.ജി.സി ചട്ടം പറയുന്നുണ്ട്. അത് കൊണ്ട് നിയമ ഭേദഗതി കോടതിയിൽ നിലനിൽക്കില്ല. ചാൻസിലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാത്തത് സർക്കാരിനും ഗവർണർക്കുമിടയിൽ ഇടനില ഉള്ളതുകൊണ്ടാണ്.  പ്രിയ വർഗീസിന്റെ നിയമനം ഇഷ്ടക്കാരെ നിയമിക്കുന്നതിനുള്ള തെളിവായി പ്രതിപക്ഷം ഉയർത്തിക്കാണിച്ചു. 
പാവകളെ വി.സി. മാരാക്കാൻ ശ്രമമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കുറ്റപ്പെടുത്തൽ. ഓട്ടോണമിയെ അട്ടിമറിക്കുന്നു. അപമാനമാണ് ഈ നിയമ നിർമാണം. ഇതിന് കൂട്ടു നിൽക്കാനാകില്ല. 
തുടർന്ന് ബിൽ പാസാക്കുന്ന സമയം സഭ ബഹിഷ്‌ക്കരിക്കുന്നുവെന്ന്  പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം. ബിൽ സഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിടുമോയെന്നതിലെ ആശങ്ക നില നിൽക്കുകയാണ്.
പരിസ്ഥിതി അഭയാർഥികൾ എന്ന പ്രയോഗം കോൺഗ്രസ് അംഗം മാത്യുകുഴൽ നാടനിൽ നിന്നുണ്ടായി. പരിസ്ഥിതി ലോല മേഖല നിശ്ചയിച്ചതിലെ അപാകതയും അതുകാരണം തങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ നിന്ന് മാറേണ്ടി വരുന്ന ജനങ്ങളുമായിരുന്നു കുഴൽ നാടന്റെ വാക്കുകളിൽ. പുതിയകാലത്ത് രാഷ്ട്രീയ അഭയാർഥികളേക്കാൾ പരിസ്ഥിതി അഭയാർഥികളായിരിക്കും ലോകത്ത് വർദ്ധിക്കുകയെന്ന് അന്താരാഷ്ട്ര റെഡ് ക്രോസ് കണക്കാക്കിയിച്ചുണ്ട്. കേരള സർക്കാരിന്റെ പിടിവാശിയാണ് ബഫർ സോൺ മേഖലയിൽ ഇങ്ങിനെ ഒരവസ്ഥ വരുത്തി വെച്ചതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 

Latest News