ഹൈദരാബാദ്- സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ നാലാം ദിവസം ബംഗാള്‍ ഘടകത്തിന്റെ രൂക്ഷ പ്രതിഷേധം. പാര്‍ട്ടി കോണ്‍ഗ്രസില്‍ ബംഗാള്‍ ഘടകത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ബംഗാളില്‍നിന്നുള്ള പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചു. ബംഗാള്‍ ഘടകം തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നുവെന്ന പരാമര്‍ശമാണ് വിമര്‍ശത്തിന് ഇടയാക്കിയത്. സി.പി.എം പ്രസിദ്ധീകരണമായ പീപ്പിള്‍ ഡെമോക്രസിയില്‍നിന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത ജി. മമതയാണ് വിമര്‍ശനം ഉന്നയിച്ചത്. 2016 ല്‍ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. എന്നാല്‍ പാര്‍ട്ടി രാഷ്ട്രീയ ലൈന്‍ തീരുമാനിച്ചു കഴിഞ്ഞിട്ടും ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് ബംഗാളില്‍ നിന്നുള്ള നാലു പ്രതിനിധികള്‍ വിമര്‍ശിച്ചത്. പിന്നീട് പ്രസീഡിയം ഇടപെട്ട് ബംഗാള്‍ ഘടകത്തെ ശാന്തമാക്കി.
കരട് രാഷ്ട്രീയ പ്രമേയത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുറുകെ പിടിച്ച ഭേഗതിക്ക് അംഗീകാരം ലഭിച്ചതോടെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഇന്നും നാളെയുമായുള്ള ദിവസങ്ങള്‍ നിര്‍ണായകം. സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകളാണ് ഇന്നലെ നടന്നത്. പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും വരുത്തേണ്ട മാറ്റങ്ങളില്‍ ഇന്നു തീരുമാനമാകും. ഇതിനായി ഇന്നലെ വൈകിട്ട് പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നിരുന്നു. ഇന്ന് പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കാനിരിക്കേ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി തുടരുമോ എന്ന കാര്യത്തിലും ഇന്നു തീരുമാനമാകും.
സി.പി.എം നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും വൃന്ദ വ്യക്തമാക്കി.
സി.പി.എം രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകളാണ് ഇന്നലെ വൈകുന്നേരം വരെ നടന്നത്. സി.പി.എം പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നാണ് എസ്. രാമചന്ദ്രന്‍ പിള്ള പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലുള്ളത്. സ്വയം വിമര്‍ശനം ഉള്‍ക്കൊള്ളുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ കേരളത്തില്‍നിന്നും മൂന്നു പ്രതിനിധികളാണ് സംസാരിച്ചത്.
കരട് രാഷ്ട്രീയ പ്രമേയത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഒത്തുതീര്‍പ്പിന്റെ വഴിയിലെത്തിയ പ്രകാശ് കാരാട്ട്, യെച്ചൂരി പക്ഷങ്ങള്‍ ഇനി കൊമ്പു കോര്‍ക്കുന്നത് പി.ബി, സി.സി തെരഞ്ഞെടുപ്പുകളിലായിരിക്കും.
ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും പരാജയപ്പെടുത്തുക എന്നതാണ് സി.പി.എമ്മിന്റെ പ്രധാന ലക്ഷ്യമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഏകാഭിപ്രായമാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം രാഷ്ട്രീയ പ്രമേയത്തിന്റെ മാര്‍ഗദര്‍ശനത്തില്‍ രാജ്യമെമ്പാടും ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകണം. പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. സി.പി.എമ്മിന്റെ ഐക്യവും കരുത്തും കേന്ദ്ര സര്‍ക്കാരിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്കെത്തിക്കണമെന്നുാണ് തന്റെ നിലപാടിന് അംഗീകാരം കിട്ടിയതിനു പിന്നാലെ യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസില്‍ പറഞ്ഞത്.
കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേലുണ്ടായ ഭിന്നാഭിപ്രായങ്ങള്‍ ധാരണ, സഖ്യം എന്നീ രണ്ടു വാക്കുകളെ ചൊല്ലി മാത്രമല്ലായിരുന്നെന്നാണ് ഇന്നലെ പ്രകാശ് കാരാട്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ വിശദീകരിച്ചത്. ചില പ്രതിനിധികള്‍ സംസാരിച്ചത് പോലെ ഇത് ധാരണയെയും സഖ്യത്തെയും സംബന്ധിച്ച വിഷയമല്ല. മറിച്ച്, ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും പരാജയപ്പെടുത്താന്‍ ഏറ്റവും മികച്ച പോരാട്ടം എങ്ങനെ രൂപീകരിക്കണം എന്നതായിരുന്നു വിഷയം. ഭിന്നാഭിപ്രായങ്ങളില്‍ പരിഹാരമുണ്ടാക്കി പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം പാര്‍ട്ടിയില്‍ ഐക്യം എന്ന സ്ഥിതിയുണ്ടാക്കണമെന്ന് പല അംഗങ്ങളും ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള എല്ലാ സാധ്യതയെയും തള്ളിക്കളയുന്നു. അത്തരം സഖ്യങ്ങള്‍ ഭരണ വര്‍ഗത്തിനെതിരായ ജനങ്ങളെ ഒരുമിച്ചു നിര്‍ത്താനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്ക് തടസ്സമാകും. പാര്‍ലമെന്റില്‍ മതേതര പ്രതിപക്ഷ പാര്‍ട്ടികളുമായി യോജിച്ചു പ്രവര്‍ത്തിക്കും. ഇതു സംബന്ധിച്ചു വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്ത തീരുമാനവുമായി മുന്നോട്ടു പോകുമെന്നും കാരാട്ട് പറഞ്ഞു.
അതേസമയം, കരട് രാഷ്ട്രീയ പ്രമേയത്തില്‍ തിരുത്തല്‍ അല്ല ഉണ്ടായതെന്നും കോണ്‍ഗ്രസുമായുള്ള ബന്ധം സംബന്ധിച്ച ഖണ്ഡിക മാറ്റിയെഴുതുകയായിരുന്നുവെന്നുമാണ് പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞത്. ഒരു നിലപാടും തള്ളുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.