Sorry, you need to enable JavaScript to visit this website.

യേശുക്രിസ്തുവല്ല, അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് തമിഴ്‌നാട് മന്ത്രിയോട് ബി.ജെ.പി പ്രസിഡന്റ്

ചെന്നൈ- അടിച്ചാല്‍ മറ്റേ കവിള്‍ കാണിക്കാന്‍ താന്‍ യേശുവല്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നും തമിഴ്‌നാട് മന്ത്രി പളനിവേല്‍ ത്യാഗരാജനോട് (പി.ടി.ആര്‍) ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ.
സംസ്ഥാന ധനമന്ത്രിയും ബി.ജെ.പി നേതാവും തമ്മില്‍ ട്വിറ്ററിലാണ് യുദ്ധം. മന്ത്രി അപമാനിക്കുമ്പോള്‍ മിണ്ടാതിരിക്കാന്‍ താന്‍ യേശുക്രിസ്തുവല്ലെന്ന് അണ്ണാമലൈ പറഞ്ഞു.
സാമൂഹ്യനീതിയെക്കുറിച്ച് സംസാരിക്കുന്ന ഡിഎംകെയില്‍ എത്ര ആദ്യ തലമുറ രാഷ്ട്രീയക്കാര്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് 2019 ല്‍ ജോലി ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ ചോദിച്ചു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അണ്ണാമലൈയെ അതിനു പിന്നാലെ സംസ്ഥാന ബിജെപി അധ്യക്ഷനായി നിയമിക്കുകയായിരുന്നു. ഈ പദവി വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പാര്‍ട്ടി നേതാവാണ്  38 കാരനായ അണ്ണാമലൈ.
ഡിഎംകെ മാന്യമായ രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ഇരട്ടി ബഹുമാനം നല്‍കും. ഭീഷണിപ്പെടുത്തി രാഷ്ട്രീയം കൈയാളുന്ന പഴയ രീതി ഡി.എം.കെ മറക്കണം. തന്റെ കുടുംബം ഫാമില്‍ ജോലി ചെയ്യുകയും ആടുകളെ വളര്‍ത്തുകയും ചെയ്യുന്ന ഗ്രാമീണരായതിനാല്‍  തന്നെ ഭീഷണിപ്പെടുത്താമെന്നാണ് ഡിഎംകെ കരുതുന്നത്.
അധിക്ഷേപകരമായ ഭാഷയാണ്  ഡി.എ.കെയുടെ ഐടി വിഭാഗം ഉപയോഗിക്കുന്നത്. നിങ്ങള്‍ എന്നെ തല്ലിയാല്‍ ഞാന്‍ തിരിച്ചടിക്കും. നിങ്ങള്‍ അക്രമിയാണെങ്കില്‍ ഇരട്ട ആക്രമണവുമായി ഞാന്‍ വരും.
അണ്ണാമലൈയും ബി.ജെ.പിയുടെ മധുരൈ റൂറല്‍ ജില്ലാ സെക്രട്ടറി മഹാ സുശീന്ദ്രനും നടത്തുന്ന സംഭാഷണത്തില്‍ തമിഴ്‌നാട് ധനമന്ത്രി പിടിആറിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഭാഗം ചോര്‍ന്നതോടെയാണ് വിവാദത്തിന്റെ തുടക്കം.
ഓഗസ്റ്റ് 13-ന് മധുരയില്‍ ബിജെപി പ്രവര്‍ത്തകന്‍ പിടിആറിന്റെ കാറിന് നേരെ ചെരുപ്പ് എറിഞ്ഞ  സംഭവത്തില്‍ സംസ്ഥാന ബിജെപി മേധാവിക്ക് പങ്കുണ്ടെന്ന് തുടര്‍ന്ന് മന്ത്രി ആരോപിച്ചു. ഓഡിയോയിലുള്ളത് തന്റെ ശബ്ദമാണെങ്കിലും ഡിഎംകെ കൃത്രിമ ക്ലിപ്പ് തയ്യാറാക്കിയതാണെന്നാണ് അണ്ണാമലൈയുടെ ആരോപണം.
അണ്ണാമലൈയെ ഇനി പേര് വിളിക്കില്ലെന്നും പകരം ആടിന്റെ ഒരു ഇമോട്ടിക്കോണ്‍ ആണ് ഉപയോഗിക്കുകയെന്നും മന്ത്രി ട്വിറ്ററില്‍ പറഞ്ഞു. ഇതിനുപിന്നാലെയാണ് ആടിനെ വളര്‍ത്തുന്ന കുടുംബത്തെ പരിഹസിക്കുന്നുവെന്ന് അണ്ണാമലൈയുടെ ആരോപണം.

 

Latest News