ഗാസ സിറ്റി- ഫലസ്തീനി പ്രൊഫസറെ മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ കൊലപ്പെടുത്തിയത് ഇസ്രായിൽ ചാര സംഘടനായ മൊസാദാണെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. ഇന്നലെ പുലർച്ചെ നമസ്‌കാരത്തിനായി പള്ളിയിലേക്ക് നടന്നു പോകുമ്പോഴാണ് ഹമാസ് അംഗമായ ഫാദി മുഹമ്മദ് അൽ ബത്ഷിനെ (35) മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ വെടിവെച്ചുകൊന്നതെന്ന് മലേഷ്യൻ പോലീസ് അറിയിച്ചു. വധത്തിനു പിന്നിൽ മൊസദാണെന്ന് ഗാസയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ കുടുംബാംഗങ്ങൾ പറഞ്ഞു. ഊർജവുമായി ബന്ധപ്പെട്ട ഗവേഷണം തുടരുന്ന ശാസ്ത്രജ്ഞനായ ഫാദി മുഹമ്മദ് തങ്ങളുടെ പ്രവർത്തകനാണെന്ന് ഹമാസ് അറിയിച്ചു. രക്തസാക്ഷിയായെന്ന് പറഞ്ഞുവെങ്കിലും കൊലപാതകത്തിനു പിന്നിൽ ഇസ്രായിലാണെന്ന് ഹമാസ് പ്രസ്താവനയിൽ ആരോപിച്ചിട്ടില്ല. സംഭവത്തിൽ ഇസ്രായിലിന്റെ പ്രതികരണവും അറിവായിട്ടില്ല. ബൈക്കിലെത്തിയ രണ്ടുപേരിൽ ഒരാൾ അധ്യാപകനു നേരെ പത്ത് റൗണ്ട് നിറയൊഴിച്ചുവെന്നും നാല് വെടിയുണ്ടകൾ തറച്ച അദ്ദേഹം സ്ഥലത്തു തന്നെ മരിച്ചുവെന്നും ക്വാലാലംപൂർ പോലീസ് മേധാവി ദത്തുക് സെരി മസ്‌ലാൻ ലാസിം പറഞ്ഞു.
അക്രമികൾ പ്രദേശത്ത് 20 മിനിറ്റോളം കാത്തുനിന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ഫാദി മുഹമ്മദ് തന്നെ ആയിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും സംഭവത്തിനു തൊട്ടുമുമ്പ് അതുവഴി രണ്ട് പേർ നടന്നുപോയിട്ടുണ്ടെന്നും പോലീസ് പറയുന്നു. കഴിഞ്ഞ് 10 വർഷമായി മലേഷ്യയിൽ ഇലക്്രടിക്കൽ എൻജിനീയറിംഗ് ലക്ചററായ ഫാദി മുഹമ്മദിന് ഭാര്യയും മൂന്ന് മക്കളുമുണ്ടെന്ന് മലേഷ്യയിലെ ഫലസ്തീൻ പ്രതിനിധി അൻവറുൽ ആഗ പറഞ്ഞു. മൊസാദാണോ കൊലയ്ക്ക് പിന്നിലെന്ന ചോദ്യത്തിന് ഔദ്യോഗിക അന്വേഷണം പൂർത്തയാകുന്നതിനു മുമ്പ് പ്രതികരിക്കുന്നത് ശരിയല്ലെന്നായിരുന്നു മറുപടി.