ന്യൂദൽഹി- ജമ്മു കതുവയിൽ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ എട്ടു വയസ്സുകാരിക്ക് വേണ്ടി ധീര പോരാട്ടം നടത്തിയ അഭിഭാഷക ദീപിക രജാവത്തിന് പാക്കധീന കശ്മീരിലെ സുപ്രീം കോടതി ബാർ അസോസിയേഷൻ ഓണററി അംഗത്വം നൽകി. വർഗീയ ശക്തികളുടെ എതിർപ്പും ഭീഷണിയും വകവെക്കാതെ എട്ടു വയസ്സുകാരിക്ക് നീതി ലഭ്യമാക്കുന്നതിന് നടത്തുന്ന ധീരപോരാട്ടം കണക്കിലെടുത്താണ് അംഗത്വം നൽകി ആദരിക്കുന്നതെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ സെക്രട്ടറി ജനറൽ മിയാൻ സുൽത്താൻ മഹ്മൂദ് അയച്ച കത്തിൽ പറഞ്ഞു. കതുവ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടയിലാണ് പാക്കധീന കശ്മീരിൽനിന്ന് പൊതുപ്രവർത്തകക്കുള്ള പിന്തുണ.
ജമ്മു ബാർ അസോസിയേഷന്റെ എതിർപ്പുണ്ടായിട്ടും 38 കാരിയായ ദീപിക കേസുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു. 1986 ൽ ഉത്തര കശ്മീരിലെ കരിഹാമയിൽനിന്ന് ജമ്മുവിലേക്ക് കുടിയേറിയ പണ്ഡിറ്റ് കുടുംബാംഗമാണ് അവർ. താനും ബലാത്സംഗം ചെയ്യപ്പെട്ട ശേഷം കൊല്ലപ്പെട്ടേക്കാമെന്ന് ദീപിക ഈയിടെ പറഞ്ഞിരുന്നു. എത്ര കാലം ജീവിക്കുമെന്ന് പറയാനാവില്ല. ബലാത്സംഗം ചെയ്യപ്പെട്ടേക്കാം. എന്റെ മാനം പിച്ചിച്ചീന്തപ്പെട്ടേക്കാം. ഞങ്ങൾ മാപ്പ് നൽകില്ലെന്ന ഭീഷണി സന്ദേശം കഴിഞ്ഞ ദിവസവും ലഭിച്ചിരുന്നു. അപകടത്തിലാണെന്ന് സുപ്രീം കോടതിയെ അറിയിക്കും -അവർ പറഞ്ഞു.