കൊല്ലം- നഗരത്തിലെ ലോഡ്ജ് മുറിയിൽ യുവതിയെ അവശനിലയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന യുവാവ് മുങ്ങി. കൊല്ലം ചിന്നക്കട മെയിൻ റോഡിന് സമീപത്തുള്ള ലോഡ്ജിലാണ് സംഭവം. വർക്കല സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ ആണ് വായിൽ നിന്നും നുരയും പാതയും വന്ന നിലയിൽ ലോഡ്ജ് മുറിയിൽ കണ്ടെത്തിയത്. യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. ചൊവ്വാഴ്ചയാണ് യുവതി സുഹൃത്തിനൊപ്പം ലോഡ്ജിൽ മുറിയെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനാൽ ജീവനക്കാർ റൂം പരിശോധിച്ചപ്പോഴാണ് യുവതിയെ അവശനിലയിൽ കണ്ടെത്തിയത്. യുവാവിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. മണിക്കൂറുകൾക്ക് മുമ്പ് യുവാവ് മുങ്ങിയതായാണ് വിവരം. യുവതിയുടെ ബാഗിൽനിന്ന് ബീഡിയും സിഗരറ്റും കണ്ടെത്തി. ലഹരി ഉപയോഗിച്ച് അവശ നിലയിലായതാണോ അപസ്മാരത്തിന്റെ ലക്ഷണമാണോ യുവതിക്ക് ഉണ്ടായതെന്ന് വ്യക്തമല്ല. പെൺകുട്ടിയുടെ രക്ഷിതാക്കളുമായി പൊലീസ് ബന്ധപ്പെട്ടെങ്കിലും അനുകൂല മറുപടിയല്ല ലഭിച്ചത്.