Sorry, you need to enable JavaScript to visit this website.

ഹർത്താൽ അക്രമത്തിന് സാമുദായിക നിറം നൽകിയത് മന്ത്രി ജലീൽ;  കടുത്ത വിമർശനവുമായി കുഞ്ഞാലിക്കുട്ടി

കോഴിക്കോട്- അപ്രഖ്യാപിത ഹർത്തിലിന്റെ പിന്നിൽ ആർ.എസ്.എസ് അനുഭാവികളാണെന്നു ബോധ്യപ്പെട്ടിരിക്കുകയാണെന്നും  ഈ വിഷയം ഗൗരവമായി കാണണമെന്നും ശരിയായ അന്വേഷണം നടത്തണമെന്നും  മുസ്്‌ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹർത്താലിന്റെ മറവിൽ നടന്ന അക്രമത്തിന് സാമുദായിക നിറം നൽകുകയാണ് മന്ത്രി കെ.ടി ജലീൽ അടക്കമുള്ളവരെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു. 
സോഷ്യൽ മീഡിയ ആഹ്വാനം ചെയ്ത ഹർത്താൽ തടയുന്നതിൽ പോലീസും ഇന്റലിജൻസും പരാജയപ്പെട്ടു. ഹർത്താൽ തടയാൻ സർക്കാർ ഒന്നും ചെയ്തില്ല. ഹർത്താൽ കഴിഞ്ഞ ശേഷം നിരപരാധികളെ ഒന്നടങ്കം പിടിച്ചു ജയിലിലടക്കുക മാത്രമാണ് പോലീസ് ചെയ്യുന്നത്. അക്രമത്തിൽ ലീഗ് പ്രവർത്തകർ ഉൾപെട്ടിട്ടുണ്ടെങ്കിൽ നടപടി എടുക്കാം, എന്നാൽ നിരപരാധികളെ അറസ്റ്റു ചെയ്യുകയാണ് പോലീസ്. ചാനൽ ചർച്ചകളിലും മറ്റും പലരും കത്വ പെൺകുട്ടിയുടെ പേര് പറയുന്നു. എന്നാൽ അവർക്കെതിരെയൊന്നും  പോക്‌സോ ചുമത്താതെ ബാനർ പിടിച്ചു പ്രകടനം നടത്തുന്നവർക്കെതിരേ മാത്രം പോലീസ് പോക്‌സോ ചുമത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്,  ചിലരെ കരുതൽ തടവിൽ വെച്ചിട്ടുണ്ടെന്നും അതു പരിശോധിക്കാമെന്നു ഉറപ്പു നൽകിയിട്ടുണ്ടെന്നും  ഇല്ലെങ്കിൽ സ്വീകരിക്കേണ്ട തുടർ നടപടികളെ കുറിച്ചു അടുത്ത ദിവസം ചേരുന്ന യോഗത്തിൽ ആലോചിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 
താനൂരിൽ ലീഗ് മുൻസിപ്പൽ പ്രസിഡന്റിന്റെ കടയടക്കം അക്രമിക്കപ്പെട്ടിട്ടുണ്ട്,  കെ.ആർ ബേക്കറി അക്രമിക്കപ്പെട്ടത് മാത്രം ഉയർത്തിക്കാട്ടി അക്രമത്തിന് സാമുദായിക നിറം നൽകാൻ ഇടതുപക്ഷവും ചില മന്ത്രിമാരും ശ്രമിക്കുകയാണെന്നും ഇതു നിരുത്തരവാദിത്വപരമായ സമീപനമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രി കെ.ടി ജലീലിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഹർത്താലിനെതിരേ നേരത്തെ തന്നെ ലീഗ് നിലപാടെടുത്തിരുന്നു. സാമുദായിക ചേരിതിരിവുണ്ടാക്കാനുള്ള സംഘ്പരിവാർ ശ്രമം പരാജയപ്പെട്ടത് ലീഗിന്റെ ഇടപെടൽ കൊണ്ടാണ്. പൊലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നത്. പ്രതിഷേധത്തിന്റെ വീഡിയോ നോക്കിയല്ല പല അറസ്റ്റും നടത്തിയത്. താനൂരിലെ കെ.ആർ ബേക്കറി കുത്തിപൊളിക്കുന്ന  സി.സി ടിവി ദൃശ്യങ്ങളിൽ കാണുന്ന വ്യക്തി നാട്ടിലെ സി.പി.എം  പ്രവർത്തകനാണെന്നു തെളിഞ്ഞിട്ടുണ്ട്.  ഇതോടെ ഹർത്താലിന്റെ മറവിൽ നടന്ന അക്രമത്തിനു പിന്നിൽ ആരാണെന്നു വ്യക്തമായതായും കുഞ്ഞാലക്കുട്ടി പറഞ്ഞു. അക്രമങ്ങൾ തടയാതെ അക്രമത്തിന്റെ പേരിൽ നിരപരാധികൾക്കെതിരേ കേസെടുക്കുകയാണ് ചെയ്യുന്നതെന്നും  പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ  പ്രശ്‌നങ്ങളുള്ള താനൂരിൽ മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ലെന്നു പൊലീസ് സ്റ്റേഷന്റെ അടുത്തുള്ള കെ.ആർ ബേക്കറി തകർത്തതിൽ നിന്നും ഇത് വ്യക്തമാണെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ വി.കെ ഇബ്രാഹീം കുഞ്ഞ്, എം.എ റസാഖ് മാസ്റ്റർ എന്നിവരും പങ്കെടുത്തു. 

മന്ത്രി ജലീൽ വർഗീയ ധ്രുവീകരണം നടത്തുന്നു -കെ.പി.എ. മദീജ്

മലപ്പുറം- സോഷ്യൽ മീഡിയ ആഹ്വാന പ്രകാരം നടന്ന ഹർത്താലിനിടെ മലപ്പുറം ജില്ലയിലെ താനൂരിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീൽ നടത്തിയ പ്രസ്താവന സമൂഹത്തിൽ വർഗീയ ധ്രുവീകരണത്തിന് വളം വെക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ആരോപിച്ചു. മതപരമായി വേർതിരിവുണ്ടാക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയ കെ.ടി. ജലീൽ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും മജീദ് മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഹർത്താലുമായി ബന്ധപ്പെട്ട് താനൂരിലുണ്ടായ അക്രമങ്ങളിൽ വിവിധ മതവിഭാഗക്കാരുടെ സ്ഥാപനങ്ങൾക്ക് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഒരു പ്രത്യേക മതവിഭാഗത്തിന്റെ മാത്രം സ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടെന്ന മന്ത്രിയുടെ നിരീക്ഷണം തെറ്റാണ്. ഈ പ്രസ്താവന ദുരൂഹമാണ്. താനൂരിൽ 12 കടകളാണ് ഹർത്താൽ ദിനത്തിൽ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തത്. ഇതിൽ ഏഴെണ്ണം മുസ്‌ലിം ലീഗ് നേതാക്കളുടെയോ പ്രവർത്തകരുടേയോ ആണ്. മാത്രമല്ല, ആക്രമണിത്തിന് നേതൃത്വം നൽകിയത് സി.പി.എം പ്രവർത്തകരാണ്. ഈ വസ്തുതകൾ മറച്ചുവെച്ച് ഒരു മതവിഭാഗത്തിന്റെ മാത്രം കടകൾ ആക്രമിക്കപ്പെട്ടെന്ന മന്ത്രിയുടെ പ്രസ്താവന ദുരൂഹവും വർഗീയ ധ്രുവീകരണം വളർത്തുന്നതുമാണ്. താനൂരിൽ അക്രമമുണ്ടായപ്പോൾ പാണക്കാട് കുടുംബം ഇടപെട്ടില്ലെന്ന കെ.ടി ജലീലിന്റെ പ്രസ്താവനയും ശരിയല്ല. അക്രമത്തെ അപലപിക്കാൻ പാണക്കാട് കുടുംബവും മുസ്‌ലിം ലീഗ് നേതൃത്വവും മുൻനിരയിൽ തന്നെയുണ്ടായിരുന്നെന്ന് മജീദ് പറഞ്ഞു.
സോഷ്യൽ മീഡിയ വഴി നടത്തിയ ഹർത്താൽ ആഹ്വാനം പിതൃത്വമില്ലാത്ത പ്രവൃത്തിയാണ്. വാട്‌സ് ആപ്പ്, ഫേസ് ബുക്ക് കൂട്ടായ്മകളും ക്ലബ്ബുകളും ഫുട്‌ബോൾ കൂട്ടായ്മകളുമാണ് ഹർത്താൽ വിജയിപ്പിക്കാൻ രംഗത്തിറങ്ങിയത്. ഇതിൽ കഥയറിയാത്തവരുമുണ്ട്. ഹർത്താലിന് ആഹ്വാനം ചെയ്തത് ആരാണെന്ന് പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തണം. അതിന് പകരം നിരപരാധികളായ മുസ്‌ലിം ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്ന പോലീസ് നടപടി പ്രതിഷേധാർഹമാണ്. ഹർത്താൽ കണ്ടു നിന്നയാളുകളെ പോലും പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നത് തെറ്റായ നടപടിയാണ്. മലപ്പുറത്തെ വർഗീയ പ്രദേശമായി ചിത്രീകരിക്കാനുള്ള ഗൂഢശ്രമം നടന്നു വരുന്നുണ്ട്. ഇത് മുതലെടുക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ടെന്നും മജീദ് പറഞ്ഞു.
കതുവ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ചവരുടെ പേരിൽ പോക്‌സോ നിയമപ്രകാരം കേസുടുക്കുന്നത് അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ബി.ജെ.പി നേതാക്കളുമെല്ലാം കതുവയിൽ ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച് പ്രചാരണങ്ങൾ നടത്തിയവരാണ്. ഇവർക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്ന് മജീദ് കുറ്റപ്പെടുത്തി.
ഹർത്താലിന് ആഹ്വാനം ചെയ്തത് ആർ.എസ്.എസുകാരാണെന്ന വാർത്തകൾ അന്വേഷണ ഏജൻസികൾ ഗൗരവത്തോടെ കാണണം. കേസിൽ സംസ്ഥാന പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നത്. ഹർത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്ക് നിയമ സഹായം നൽകേണ്ടതില്ലെന്നാണ് മുസ്‌ലിം ലീഗ് തീരുമാനമെന്നും കെ.പി.എ. മജീദ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
 

Latest News