ന്യൂദല്‍ഹി- കുടുംബവും കൂട്ടുകാരുമായി എപ്പോഴും അടുപ്പം സൂക്ഷിക്കാന്‍ പ്രവാസികളെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് വീഡിയോ കാളിംഗ് ആപ്പുകളാണ്. ഇന്റര്‍നെറ്റ് വ്യാപകമായതോടെ, ഇത്തരം ആപ്പുകളും വന്‍തോതിലാണ് പ്രചാരം നേടിയത്. ഗൂഗ്ള്‍ ഡുഒ, ഇമോ, മീറ്റ്, സൂം, സ്‌കൈപ്, ബോതിം തുടങ്ങി പ്രവാസികള്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയ ആപ്പുകള്‍ നിരവധിയാണ്. കൂടാതെ വാട്‌സാപ്പ്, മെസെഞ്ചര്‍ തുടങ്ങിയവയും ഓഡിയോ, വീഡിയോ കോളുകള്‍ക്കായി ആശ്രയിക്കുന്നു.
കടലിനക്കരെയാണെന്ന തോന്നലില്ലാതെ പ്രിയപ്പെട്ടവരെ കാണാനും സംസാരിക്കാനും വീഡിയോ കാള്‍ ആപ്പുകള്‍ തെല്ലൊന്നുമല്ല പ്രവാസികളെ സഹായിച്ചത്. ഇതാകട്ടെ പൂര്‍ണമായും സൗജന്യവുമാണ്. ഇന്റര്‍നെറ്റ് ഡാറ്റക്ക് നല്‍കുന്ന പണമൊഴിച്ചാല്‍ മറ്റു ചെലവുകളൊന്നുമില്ലാതെ എത്രനേരം വേണമെങ്കിലും ഓഡിയോ, വീഡിയോ കാളുകള്‍ വിളിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാലിത്തരം വീഡിയോ കോള്‍ ആപ്പുകള്‍ സാധാരണ ടെലികോം കമ്പനികളുടെ വരുമാനത്തെ വന്‍തോതില്‍ ബാധിക്കുന്നുവെന്ന തോന്നലുണ്ടായിട്ടും കുറേക്കാലമായി.
ഗള്‍ഫ് രാജ്യങ്ങളില്‍ പലേടത്തും അതിനാല്‍ തന്നെ വീഡിയോ കാളുകള്‍ക്ക്് വിലക്കുണ്ട്. വാട്‌സാപ്പ് കോളുകള്‍ സൗദിയില്‍ ലഭ്യമല്ല. യു.എ.ഇയില്‍ ബോതിം കാളുകള്‍ക്ക് മാത്രമാണ് സ്വീകാര്യത. ഇന്ത്യയിലും വീഡിയോ കാള്‍ ആപ്പുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന കാര്യം അധികൃതര്‍ ആലോചിച്ചുതുടങ്ങി.
വീഡിയോ കോള്‍ ആപ്പുകള്‍ വഴിയുള്ള കാളുകള്‍ക്ക് നിരക്കോ വാടകയോ ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം ഇന്ത്യന്‍ ടെലികോം നിയന്ത്രണ ഏജന്‍സിയായ ട്രായ് മുന്നോട്ടുവെച്ചിരിക്കുകയാണ്. ഇത് സ്വീകരിക്കപ്പെട്ടാല്‍ പഴയപോലെ സൗജന്യമായി വീഡിയോ കാളുകള്‍ വിളിക്കുക അസാധ്യമാകുമെന്നാണ് സൂചന.