Sorry, you need to enable JavaScript to visit this website.

വാട്‌സാപ് ഹര്‍ത്താല്‍: എല്ലാ ജില്ലകളിലും ചെറുസംഘങ്ങള്‍ പ്രവര്‍ത്തിച്ചു  

മലപ്പുറം- കതുവ പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഹര്‍ത്താലിനായി സോഷ്യല്‍ മീഡയയിലൂടെ നടത്തിയ ആഹ്വാനത്തിന് പിന്നില്‍ വലിയ വര്‍ഗീയ ഗൂഢാലോചനകളുണ്ടായിരുന്നെന്നാണ് അന്വേഷണം സംഘം കണ്ടെത്തിയത്. കേസിലെ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന അഞ്ചു പേരെ അറസ്റ്റ് ചെയ്യാന്‍ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്‌റയുടെ മേല്‍നോട്ടത്തില്‍ ഏതാനും ദിവസങ്ങളായി നടന്നു വന്നത് പഴുതടച്ച അന്വേഷണമാണ്. കേരളത്തിലെ പോലീസ് സൈബര്‍ സെല്ലിന്റെ മികവ് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ട കേസാണിത്.
കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ നടന്നതെന്നാണ് പോലീസ് വിലയിരുത്തുന്നത്. ഹര്‍ത്താലിനിടെ അക്രമങ്ങള്‍ നടത്തണമെന്നും  അറസ്റ്റിലായവര്‍ വാട്്‌സ്ആപ്പ് മെസേജുകള്‍ കൈമാറിയുന്നു. 11 പേര്‍ അഡ്മിന്‍മാരായ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ കേരളത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് പേരിലൂടെ കൈമാറിപ്പോയിട്ടുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ നിരത്തിലിറങ്ങിയവരില്‍ ഭൂരിഭാഗവും സന്ദേശങ്ങള്‍ക്ക് പിന്നിലുള്ള ഗൂഢാലോചന തിരിച്ചറിയാത്തവരായിരുന്നു. എന്നാല്‍ എല്ലാ ജില്ലകളിലും പ്രതികളുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ചെറു സംഘങ്ങളുണ്ടായിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്. 
സോഷ്യല്‍ മീഡിയയുടെ പതിവ് തമാശകള്‍ക്കപ്പുറത്ത് സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ചിലര്‍ നടത്തിയ തന്ത്രപരമായ ഗൂഢാലോചനയെ തിരിച്ചറിയാന്‍ പോലീസും ജനങ്ങളും വൈകിപ്പോയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പോലീസ് ഇന്റലിജന്‍സിന്റെ പരാജയമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്. പല വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ഹര്‍ത്താലിന് ദിവസങ്ങള്‍ക്ക് മുമ്പു തന്നെ ഇതു സംബന്ധിച്ച പ്രചാരണങ്ങള്‍ ആരംഭിച്ചിരുന്നു. രാഷ്ട്രീയ സ്വഭാവമില്ലാത്ത ഗ്രൂപ്പുകളില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഷെയര്‍ ചെയ്തത് ഗ്രൂപ്പ് അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ക്കും ഇടവരുത്തിയിരുന്നു. ഹര്‍ത്താലിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായിട്ടും ഇന്റലിജന്‍സ് വിഭാഗം ഇതുസംബന്ധിച്ച് മുന്നറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ല.
ഹര്‍ത്താലിനിടെ അക്രമം നടന്നത് ഏറെയും മലബാര്‍ മേഖലയിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അക്രമം വളര്‍ത്താന്‍ ഹര്‍ത്താലിന്റെ സൂത്രധാരകര്‍ക്ക് കഴിഞ്ഞുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്. മലപ്പുറം ജില്ലയില്‍ തിരൂര്‍, താനൂര്‍ മേഖലകളാണ് അക്രമങ്ങള്‍ പ്രധാനമായും അരങ്ങേറിയത്. താനൂരില്‍ മലബാറിലെ പ്രമുഖ ബേക്കറി ഗ്രൂപ്പായ കെ.ആര്‍. ബേക്കറി ആക്രമിക്കപ്പെട്ടത് ദുരൂഹത വളര്‍ത്തുന്നതായിരുന്നു. ഏറെ കാലമായി മതപരമായും രാഷ്ട്രീയമായും അക്രമങ്ങള്‍ നടന്നു വരുന്ന മേഖലയാണ് താനൂര്‍. ഇവിടെ കേന്ദ്രീകരിച്ച് വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചെന്നാണ് പോലീസ് സംശയിക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ഉച്ചക്ക് ശേഷം അക്രമങ്ങളുടെ സ്വഭാവം മാറിയത് തിരിച്ചറിഞ്ഞാണ് പോലീസ് ഈ മേഖലയില്‍ പെട്ടെന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
പോലീസ്് ആദ്യഘട്ടത്തില്‍ പ്രതികളെ കണ്ടെത്തുന്നതില്‍ കടുത്ത ആശയകുഴപ്പത്തിലായിരുന്നു. ലോകത്താകമാനം വ്യാപിച്ചു കിടക്കുന്ന സോഷ്യല്‍ മീഡയയാണ് ഗൂഢാലോചനയുടെ ഉറവിടം എന്നതായിരുന്നു അന്വേഷണത്തിന് തടസമായി നിന്നത്. എന്നാല്‍ രാജ്യത്തെ ഏറ്റവും മികച്ച സൈബര്‍ സെല്ലുകളിലൊന്നായ കേരള പോലീസിന്റെ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ നാലു ദിവസത്തിനുള്ള രണ്ടു ലക്ഷത്തിലേറെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് സൈബര്‍ സെല്‍ കടന്നുപോയത്. കേസ് അന്വേഷണ ചുമതലയുള്ള മലപ്പുറത്തെ ഡിവൈ.എസ്.പിമാരായ മോഹനചന്ദ്രനും തോട്ടത്തില്‍ ജലീലും വിദഗ്ധമായി അന്വേഷണം മുന്നോട്ടു നയിച്ചു. മലബാറില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ മലബാറില്‍ നിന്നുള്ളവരോ ഗള്‍ഫില്‍ നിന്നള്ളവരോ ആകുമെന്നായിരുന്നു ആദ്യ അനുമാനമെങ്കിലും അന്വേഷണം തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ളവരിലേക്കും ആര്‍.എസ്.എസ് ബന്ധമുള്ളവരിലേക്കും എത്തിച്ചേര്‍ന്നത് കേസ് അന്വേഷണത്തില്‍ വലിയ വഴിത്തിരിവായിരുന്നു.
 

Latest News