ഡുംക- ജാര്‍ഖണ്ഡില്‍ പ്രാക്ടിക്കല്‍ പരീക്ഷക്ക് മാര്‍ക്ക് കുറച്ചതിന് മാത്‌സ് അധ്യാപകനേയും സ്‌കൂള്‍ ക്ലര്‍ക്കിനേയും വിദ്യാര്‍ഥികള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ജാര്‍ഖണ്ഡിലെ ഡുംക ജില്ലയില്‍ പട്ടിക വര്‍ഗ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. ഗോപികന്ദര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ സുമാന്‍ കുമാര്‍ എന്ന അധ്യപകനും സൊനേറം ചൗരേ എന്ന ജീവനക്കാരനുമാണ് മര്‍ദനമേറ്റത്. ക്ഷുഭിതരമായ വിദ്യാര്‍ഥികള്‍ ഇവരെ മര്‍ദിച്ചതിനു പുറമെ കസേരകള്‍ തകര്‍ക്കുകയും ചെയ്തു.
സംഭവം അന്വേഷിക്കാന്‍ ഗോപികന്ദര്‍ ബ്ലോക്ക് വികസന ഓഫീസര്‍ ആനന്ദ് ജായും പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് നിത്യാനന്ദ് ഭോക്തയും സ്‌കൂളിലെത്തി.
മനഃപൂര്‍വം മാര്‍ക്ക് കുറച്ചു നല്‍കി ഒമ്പതാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 11 വിദ്യാര്‍ഥികളെ തോല്‍പിച്ചുവെന്നാണ് കുട്ടികളുടെ പരാതി. 36 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 11 പേര്‍ പരാജയപ്പെട്ടിരുന്നു. പ്രാക്ടിക്കല്‍ പേപ്പറുകള്‍ കാണണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രിന്‍സിപ്പല്‍ നിരാകരിച്ചതായും പറയുന്നു. തുടര്‍ന്ന് ക്ലര്‍ക്കിനെ സമീപിച്ചപ്പോള്‍ക്ക് ക്ലാര്‍ക്കും പേപ്പറുകള്‍ കാണാന്‍ സമ്മതിച്ചില്ല.
നേരത്തെ ഈ സ്‌കൂളില്‍ പ്രിന്‍സിപ്പലായിരുന്ന സുമാന്‍ കുമാറിനെ ജാതി വിവേചനം കാണിച്ചതിനെ തുടര്‍ന്ന് പദവിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. സുമനെതിരെ കേസ് നിലവിലുണ്ട്.