ന്യൂദല്‍ഹി- ഓട്ടോപൈലറ്റ് സംവിധാനത്തിലെ തകരാറ് കാരണം നാസിക്കിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം ദല്‍ഹിയില്‍ തിരിച്ചിറക്കി.
ബോയിംഗ് 737 വിമാനം ഓട്ടോപൈലറ്റ് തകരാറിനെത്തുടര്‍ന്ന് എയര്‍ എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കിയതായി ഡിജിസിഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിമാനം ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയ ശേഷം യാത്രക്കാരെ ചെറിയ ക്യു400 വിമാനത്തിലേക്ക് മാറ്റി.
സ്‌പൈസ്‌ജെറ്റിന്റെ എസ്ജി8363 വിമാനം ദല്‍ഹിയില്‍ നിന്ന് രാവിലെ 6.54നാണ് പുറപ്പെട്ടത്. ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം മടങ്ങി. തുടര്‍ച്ചയായി തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്
ജൂലൈയില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്‌പൈസ്‌ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ വിമാന സര്‍വീസുകള്‍ നടത്തുന്നതില്‍ സ്‌പൈസ് ജെറ്റ് പരാജയപ്പെട്ടെന്നും നടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്.