Sorry, you need to enable JavaScript to visit this website.

ദേശീയപാത വികസനം:  ചേലേമ്പ്ര ഇടിമൂഴിക്കലിൽ ബദൽ  അലൈൻമെന്റ് സർവേ പൂർത്തിയായി

തേഞ്ഞിപ്പലം- ദേശീയപാത വികസനത്തിനായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദം നിലനിൽക്കെ ചേലേമ്പ്ര ഇടിമൂഴിക്കലിൽ ബദൽ അലൈൻമെന്റ് സാധ്യതാ സർവേ പൂർത്തിയായി. ദേശീയപാത വികസന നടപടികളുടെ ചുമതല വഹിക്കുന്ന മലപ്പുറം ഡെപ്യൂട്ടി കലക്ടർ ജെ.ഒ. അരുണിന്റെ നേതൃത്വത്തിലായിരുന്നു കനത്ത പോലീസ് സാന്നിധ്യത്തിൽ സർവേ നടന്നത്. 
കോഴിക്കോട് ജില്ലയിൽപ്പെടുന്ന രാമനാട്ടുകര മിസരി ജംഗ്ഷനിൽ നിന്നു തുടങ്ങി ചേലേമ്പ്ര  തിരുവങ്ങാട് ശിവക്ഷേത്ര റോഡിനു സമീപം വരെയുള്ള 115 കീലോമീറ്റർ ദൂരത്തിലായിരുന്നു ഇന്നലെ രാവിലെ  ഏഴോടെ നടപടികൾ ആരംഭിച്ചത്. കോഴിക്കോട് ജില്ലയിൽപ്പെടുന്ന മേഖലയിൽ 400 മീറ്റർ ദൂരത്തിലും  മലപ്പുറം ജില്ലാ മേഖലയിൽ 750 മീറ്ററിലുമായിരുന്നു  സർവേ. ബദൽ അലൈൻമെന്റ് പ്രകാരമുള്ള സ്ഥലമേറ്റെടുപ്പ് ചേലേമ്പ്ര ഇടിമുഴിക്കൽ പ്രദേശത്ത് ഒരു സ്‌കൂൾ ഉൾപ്പടെ ഏഴു കെട്ടിടങ്ങളെയും 54 വീടുകളെയും ബാധിക്കും. 
ഇടിമുഴിക്കൽ ഗണപതി ക്ഷേത്ര പൂജാരി താമസിക്കുന്ന കെട്ടിടത്തെയും ക്ഷേത്രത്തിനു സമീപത്തെ സ്റ്റേജിനെയും നടപടികൾ ബാധിക്കും. ഇവ ഭാഗികമായി പൊളിച്ചുമാറ്റേണ്ടി വരും. 
ഇടിമുഴിക്കൽ ദേശീയപാതയുടെ ഇരുഭാഗത്തായുള്ള ചേലേമ്പ്ര എയുപി സ്‌കൂൾ കെട്ടിടം പൂർണമായും നഷ്ടപ്പെടും. ബദൽ അലൈൻമെന്റ് പ്രകാരം സ്ഥലമേറ്റെടുപ്പ് നടത്തിയാൽ വലിയ കുന്നുകൾ ഇടിച്ചുനിരത്തേണ്ടതായും വരും. പ്രദേശത്തെ വൻ മരങ്ങളും മുറിച്ചുമാറ്റണം. സാധ്യതാ പഠന സർവേ  റിപ്പോർട്ട് ക്രോഡീകരിച്ചു ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കാനാണ് തീരുമാനം. അലൈൻമെന്റ്  സംബന്ധിച്ച് ദേശീയപാത അതോറിറ്റിയുടേതാകും അന്തിമ തീരുമാനം. അതേസമയം ദേശീയപാത വികസന അലൈൻമെന്റിന്റെ പേരിൽ പ്രദേശവാസികൾ ഇപ്പോൾ രണ്ടു തട്ടിലാണ്. ഇതാണ് വിവാദത്തിനിടയാക്കുന്നത്. 

 

Latest News