പട്‌ന- 2014ല്‍ നടന്ന തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതിയായ ബിഹാര്‍ മന്ത്രി കാര്‍ത്തിക് കുമാര്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനൊടുവില്‍ രാജിവെച്ചു.
പുതിയ നിതീഷ് കുമാര്‍ സര്‍ക്കാരില്‍ ആര്‍ജെഡി എംഎല്‍സിയായ കാര്‍ത്തിക് കുമാര്‍ സംസ്ഥാന നിയമമന്ത്രിയായിരുന്നു. പ്രതിഷേധത്തിനിടെ പ്രാധാന്യമില്ലാത്ത കരിമ്പ് വകുപ്പിലേക്ക് മാറ്റി മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹം രാജിവെച്ചത്.
രാജിക്കത്ത് സ്വീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റവന്യൂഭൂപരിഷ്‌കരണ മന്ത്രി അലോക് കുമാര്‍ മേത്തയ്ക്ക് കരിമ്പ് വകുപ്പിന്റെ അധിക ചുമതല നല്‍കിയിട്ടുണ്ട്.
തേജസ്വി യാദവിന്റെ ഭൂമിഹാറുകളോടുള്ള സമീപനത്തിന്റെ ഭാഗമായാണ് കാര്‍ത്തിക് കുമാറിനെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ആര്‍ജെഡി മന്ത്രിയാക്കിയിരുന്നത്. ബി.ജെ.പിയോട് വലിയ തോതില്‍ അനുഭാവം പുലര്‍ത്തുന്ന
രാഷ്ട്രീയമായി ശക്തരായ ഉയര്‍ന്ന ജാതിയാണ് ഭൂമിഹാര്‍.
2014ലെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കാര്‍ത്തിക് കുമാറിന്റെ പേര് ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയതില്‍ ബി.ജെ.പി വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയിരുന്നത്.