ഇടുക്കി-25 വര്‍ഷം ഗള്‍ഫില്‍ ജോലിചെയ്ത പണം ഉപയോഗിച്ച് വാങ്ങിയ ഏലത്തോട്ടത്തിലെ കൃഷിയും വിളവെടുപ്പും യൂനിയന്‍ പ്രവര്‍ത്തകര്‍ തടസപ്പെടുത്തുന്നതായി തോട്ടമുടമ. അന്യാര്‍തൊളു മെരിലാന്‍ഡ് എസ്റ്റേറ്റ് ഉടമ എ.അഷറഫ് ആണ് സി. ഐ. ടി. യൂ യൂനിയന് ഏതിരെ ആരോപണവുമായി രംഗത്തെത്തിയത്. ചൊവ്വാഴ്ച ഏല തോട്ടത്തിലെ സൂപ്പര്‍വൈസര്‍ റോയിയെ തൊഴിലാളികളും ചില ഗുണ്ടകളും ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയാതായി അഷറഫ് പറഞ്ഞു.
കാല്‍ നൂറ്റാണ്ട് ഗള്‍ഫില്‍ ജോലി ചെയ്ത സമ്പാദ്യം ഉപയോഗിച്ചാണ് 31 ഏക്കര്‍ തോട്ടം വാങ്ങിയത്. കാടുകയറിക്കിടന്ന തോട്ടം ഏലത്തോട്ടമാക്കി മാറ്റി വിളവെടുപ്പിന് സമയമായപ്പോള്‍ ഏലം വിലയിടിഞ്ഞു. ഇതോടെ കൃഷി നഷ്ടത്തിലായി. എന്നിട്ടും കൃഷി മുന്നോട്ട് കൊണ്ടുപോകാന്‍ യൂനിയന്‍ സമ്മതിക്കുന്നില്ല. 11 സ്ഥിരം തൊഴിലാളികള്‍ വേണ്ട തോട്ടത്തില്‍ നിലവില്‍ 18 തൊഴിലാളികളുണ്ട്. മൂന്ന് പേരെ കൂടി സ്ഥിരം തൊഴിലാളികളില്‍ ഉള്‍പ്പെടുത്തണമെന്നാണ് യൂനിയന്‍ ആവശ്യപ്പെടുന്നത്. ആവശ്യം നിരസിച്ചതോടെ സമരം തുടങ്ങി. തുടര്‍ന്ന് പുറത്തു നിന്ന് തൊഴിലാളികളെ എത്തിക്കാന്‍ കോടതിയില്‍ നിന്നും അനുവാദം വാങ്ങി. വിളവെടുപ്പിന് കൂടുതല്‍ തൊഴിലാളികളെ ആവശ്യം വന്നപ്പോള്‍ കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്നും എത്തിച്ചിരുന്നു. ഇവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നും അഷറഫ് പറഞ്ഞു.