ന്യൂദൽഹി- തനിക്ക് അധികാരത്തിന്റെ മത്തു പിടിച്ചിരിക്കുകയാണെന്ന അണ്ണാ ഹസാരെയുടെ വിമർശനത്തിനു പിന്നിൽ ബി.ജെ.പി ആണെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തങ്ങളെ എതിർക്കാൻ ന്യായമില്ലാതെ വരുമ്പോഴാണ് പ്രതിപക്ഷം തനിക്കെതിരെ മറ്റാരെയെങ്കിലും മുന്നിൽ നിർത്തി വിമർശനം ഉന്നയിക്കുന്നതെന്നും കെജ്രിവാൾ ആരോപിച്ചു.
അന്നാജിയുടെ തോളിലിരുന്നു വെടിയുതിർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. തങ്ങളെ അധിക്ഷേപിക്കാനും കരിവാരിതേക്കാനുമാണിത്. സി.ബി.ഐ തങ്ങൾക്കു ക്ലീൻ ചിറ്റ് നൽകിയതോടെ ജനങ്ങൾ എ.എ.പിയോടൊപ്പം ആണ്. എ.എ.പി എം.എൽ.എമാരെ 20 കോടി രൂപ വാഗ്ദാനം ചെയ്തു കൂറുമാറ്റാൻ ബി.ജെ.പി ശ്രമിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അന്വേഷണത്തിൽ തങ്ങൾ ഒളിച്ചോടിയില്ല. ബി.ജെ.പിയും ഒളിച്ചോടരുത്. മദ്യസാക്തനെ പോലെ കെജ്രിവാളും അധികാരത്തിന്റെ മത്തുപിടിച്ചിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി കഴിഞ്ഞ ദിവസം അന്നാ ഹസാരെ ദൽഹി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഡൽഹി സർക്കാരിന്റെ പുതിയ നയം മദ്യത്തിന്റെ ഉപഭോഗം വർധിപ്പിക്കുന്നതിനും മദ്യപാനം കൂട്ടുന്നതിനും ഇടയാക്കും. വഴിനീളെ മദ്യവിൽപന ശാലകൾ വരുമെന്നും തോന്നുന്നു. ഇത് അഴിമതി വർധിപ്പിക്കാൻ ഇടയാക്കും. മദ്യം മത്തുപിടിപ്പിക്കുന്നതുപോലെ, താങ്കളെയും അധികാരം മത്തുപിടിപ്പിച്ചതായി തോന്നുന്നു- ഹസാരെ കുറ്റപ്പെടുത്തി.