കാസർകോട് - സി.പി.എമ്മിനെതിരെ സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രനും ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വവും നടത്തിയ പരസ്യ വിമർശനം ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നത വീണ്ടും കടുക്കുന്നതിന്റെ സൂചനയായി. കോൺഗ്രസ് ബന്ധത്തിന്റെയും ദേശീയ തലത്തിൽ ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളിക്കെതിരെ പാർട്ടികളുടെ പൊതുഫോറം രൂപീകരിക്കേണ്ടതിന്റെയും കാര്യങ്ങളിലാണ് സി.പി.എം നിലപാടിനെതിരെ സി.പി.ഐ നേതാക്കൾ രംഗത്തു വന്നത്.
രണ്ടു പാർട്ടികളുടെയും പാർട്ടി കോൺഗ്രസ് നടക്കുന്ന വേളയിലാണ് സി.പി.ഐ നേതാക്കൾ പരസ്യ വിമർശനം നടത്തിയതെന്നത് ശ്രദ്ധേയമാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഈ വിഷയത്തിൽ ശ്രദ്ധയോടെ മറുപടി പറയുമ്പോഴാണ് രണ്ടു ദേശീയ നേതാക്കൾ സി.പി.എം നയത്തെ തുറന്നെതിർത്തത്. കൊല്ലത്ത് നടക്കുന്ന സി.പി.ഐ പാർട്ടി കോൺഗ്രസ് നഗരിയിൽ ഉയർത്തേണ്ടുന്ന പതാകയും വഹിച്ചുകൊണ്ടുള്ള ജാഥക്ക് നീലേശ്വരത്തും സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കരിവെള്ളൂരിലും നൽകിയ സ്വീകരണങ്ങളിൽ ബിനോയ് വിശ്വവും ജാഥ ഉദ്ഘാടനം ചെയ്ത പന്ന്യൻ രവീന്ദ്രൻ കയ്യൂരിലുമാണ് സി.പി.എമ്മിനെ കടന്നാക്രമിച്ചത്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ബദലുണ്ടാക്കാൻ സി.പി.ഐയെ ആരും പഠിപ്പിക്കാൻ വരേണ്ടെന്ന് പന്ന്യൻ പറഞ്ഞപ്പോൾ, ഓംലറ്റ് ഉണ്ടാക്കണമെങ്കിൽ ആദ്യം വേണ്ടത് മുട്ട പൊട്ടിക്കുകയാണെന്നും പിന്നീടാണ് ഉപ്പും കുരുമുളകും അടക്കമുള്ള ചേരുവ ചേർക്കേണ്ടതെന്നുമുള്ള യാഥാർഥ്യം സി.പി.എം മനസ്സിലാക്കണമെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ശാപമായ ബി.ജെ.പിയും ആർ.എസ്.എസുമാണ് മുഖ്യ ശത്രു എന്ന കാര്യത്തിൽ സി.പി.എമ്മിന് തർക്കമില്ല. എന്നാൽ അധികാരത്തിൽനിന്ന് ബി.ജെ.പിയെ പുറത്താക്കാൻ വിശാല മതേതര വേദി രൂപീകരിക്കണമെന്ന സി.പി.ഐ നിലപാടിന് തുരങ്കം വെക്കാൻ സി.പി.എം ശ്രമിക്കുന്നതാണ് സി.പി.ഐ നേതാക്കളെ ചൊടിപ്പിച്ചത്. കോൺഗ്രസുമായി യാതൊരു സഖ്യവും പാടില്ലെന്ന സി.പി.എം നിലപാട് ഇന്നത്തെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിന് യോജിച്ചതല്ലെന്ന് സി.പി.ഐ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
കോൺഗ്രസ് ബന്ധം സംബന്ധിച്ച വിഷയത്തിൽ രണ്ടു പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലും ചർച്ച ചെയ്തിട്ടും സമവായത്തിൽ എത്താൻ കഴിയാതിരുന്നത് സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കളുടെ ധാർഷ്ട്യം കൊണ്ടാണെന്ന ബിനോയ് വിശ്വത്തിന്റെ വിമർശനം കേരളത്തിലെ സി.പി.എം നേതൃത്വത്തെ ഉദ്ദേശിച്ചാണെന്ന സൂചനയുണ്ട്. എന്നാൽ ഇത്തരം വിമർശനങ്ങൾ ഇരുപാർട്ടികളും തമ്മിൽ നിലനിൽക്കുന്ന ഭിന്നതക്ക് ഒന്നുകൂടി ആക്കം കൂട്ടുകയേ ഉള്ളൂവെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. സി.പി.ഐ വിമർശനം തുടർന്നാൽ ഹൈദരാബാദ് പാർട്ടി കോൺഗ്രസ് സമാപിച്ചതിന് ശേഷം സി.പി.എം നേതാക്കൾ മറുപടി നൽകുമെന്നാണ് അറിയുന്നത്.