Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് നിന്ന് കാറില്‍ കയറി ഒളിച്ചു, ഒരു മാസത്തെ സുഖവാസത്തിനുശേഷം പിടിയില്‍

കോട്ടയം - മലപ്പുറത്തുനിന്ന് കാറില്‍ കയറി അകത്തും പുറത്തുമായി ഏറെക്കുറെ ഒരുമാസം. ഒടുവില്‍ ഒളിച്ചുകളിക്കാരനെ പിടികൂടിയതോടെ ഒഴിവായത് ഫണം വിടര്‍ത്തിയ ഭീതി.  ആര്‍പ്പുക്കര തൊണ്ണംകുഴിയില്‍നിന്നും പിടിയിലായത് രാജവെമ്പാല. തൊണ്ണംകുഴി സ്വദേശിയായ സുജിത്തിന്റെ കാറില്‍ ഒരുമാസം മുമ്പ് മലപ്പുറത്ത് നിന്ന് കയറിപ്പറ്റിയെന്ന് കരുതുന്ന പത്തടിയോളം നീളമുള്ള  രാജവെമ്പാലയെ അയല്‍വാസിയുടെ പുരയിടത്തില്‍ നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടിയത്. പാമ്പിനെ പാറമ്പുഴയിലുള്ള ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി. തുടര്‍ന്ന് സുരക്ഷിത കേന്ദ്രത്തിലെത്തിച്ച് തുറന്ന് വിടും.
ലിഫ്റ്റിന്റെ ജോലികള്‍ക്കായി തൊണ്ണംകുഴി സ്വദേശി സുജിത്ത് ഓഗസ്റ്റ് 2ന് കാറില്‍ മലപ്പുറത്ത് പോയിരുന്നു. അവിടെനിന്ന് കാറില്‍ കയറിപ്പറ്റിയതാണ് രാജവെമ്പാലയെന്ന് സുജിത്ത് പറയുന്നു. മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റ് ഭാഗത്തായിരുന്നു ജോലി. ഇവിടെ വെച്ച് പാമ്പ് കാറിനടിയില്‍ കയറുന്നതായി കണ്ടുവെന്ന് പരിസരവാസികള്‍ സുജിത്തിനോട് പറഞ്ഞിരുന്നു. അന്ന് കാര്‍ പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്തിയില്ല. ഇതോടെ അത് വിട്ടു. പക്ഷേ വീണ്ടും ഭീതി പത്തിവിടര്‍ത്തിയത് കഴിഞ്ഞ ആഴ്ച്ചയാണ്.  പാമ്പ് പൊഴിച്ച പടം കാറിനടുത്ത്  കണ്ടെത്തി. തുടര്‍ന്ന് കഴിഞ്ഞ ദിവസം വാവ സുരേഷെത്തി കാറിന്റെ ബോണറ്റും ബമ്പറും അഴിച്ച് പരിശോധിച്ചിരുന്നു. എന്നിട്ടും പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പാമ്പ് സമര്‍ഥമായി ഒളിച്ചിരുന്നു. ഇതോടെ സുജിത്ത് ആകെ പരിഭ്രാന്തിയിലായി. കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥ. ഒരോ ചുവടിലും ഭീതി. എവിടെയാണ് അപകടം പതിയിരിക്കുന്നതെന്ന് അറിയാതെ മാനസിക സംഘര്‍ഷത്തിലായി.
പിന്നീട് ബുധനാഴ്ച രാവിലെ സുജിത്തിന്റെ വീടിന് 500 മീറ്റര്‍ മാറിയുള്ള പുരയിടത്തില്‍ നിന്നും സമീപവാസികള്‍ പാമ്പിനെ കണ്ടത്തെിയതോടെ വനം വകുപ്പിന്റെ സ്‌നേക് റസ്‌ക്യു ടീമിനെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രാജവെമ്പാലയെ പിടികൂടുകയും ചെയ്തു. സാധാരണയായി രാജവെമ്പാലയെ കാണാത്ത പ്രദേശത്ത് പാമ്പ് എത്തിയത് നാട്ടുകാര്‍ക്ക് കൗതുകവും ആശങ്കയുമുണ്ടാക്കി. വാഹനത്തിന് അടിയില്‍ സുരക്ഷിതമായി കയറി ഇവിടെ എത്തിയതാകമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്. ഏതായാലും പാമ്പ് ഒഴിഞ്ഞതോടെ സുജിത്ത് ആശ്വാസത്തിലാണ്.

 

Latest News