മോഡി ദുർബലെന്ന് ആരോപണം
ന്യൂദൽഹി- ഭാരതീയ ജനതാ പാർട്ടി(ബി.ജെ.പി)ക്കെതിരെ സമാന ചിന്താഗതിക്കാരായ പാർട്ടികളുടെ സഖ്യം ഉണ്ടാക്കാൻ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ഇന്ന് ഉച്ചക്ക് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും പട്‌നയിൽ കൂടിക്കാഴ്ച നടത്തി. ഫെഡോറ തൊപ്പി ധരിച്ച റാവു ചിത്രങ്ങൾക്ക് പോസ് ചെയ്തു. പുഷ്പ പൂച്ചെണ്ടുകൾ നൽകിയാണ് ചന്ദ്രശേഖർ റാവുവിനെ ബിഹാർ നേതാക്കൾ സ്വീകരിച്ചത്. അതേസമയം, ചന്ദ്രശേഖർ റാവു ബിഹാറിൽ എത്തിയ ഉടൻ പ്രതികരണവുമായി ബി.ജെ.പി രംഗത്തെത്തി. രണ്ട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച രണ്ട് ദിവാസ്വപ്‌നക്കാരുടെ ഒത്തുചേരൽ ആണെന്ന് ബി.ജെ.പി നേതാവ് സുശീൽ കുമാർ മോഡി പരിഹസിച്ചു. ബിഹാറിലെ ജെ.ഡി.യു-ബി.ജെ.പി സർക്കാരിൽ നിതീഷ് കുമാറിനൊപ്പം ഒരു ദശാബ്ദത്തിലേറെയായി ഉപമുഖ്യമന്ത്രിയായിരുന്നു സുശീൽ കുമാർ മോഡി. അതത് സംസ്ഥാനങ്ങളിൽ അവരവരുടെ അടിത്തറ നഷ്ടപ്പെടുകയും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് റാവുവും നിതീഷ് കുമാറുമെന്ന് പരിഹസിച്ചു. പ്രതിപക്ഷ ഐക്യത്തിന്റെ ഏറ്റവും പുതിയ കോമഡി ഷോ ആണിതെന്നും സുശീൽ കുമാർ മോഡി പറഞ്ഞു.
മുൻ ബി.ജെ.പി സഖ്യകക്ഷിയായ നിതീഷ് കുമാർ ബിഹാറിൽ സഖ്യം ഉപേക്ഷിച്ച് പ്രതിപക്ഷമായ ആർ.ജെ.ഡിക്കും കോൺഗ്രസിനുമൊപ്പം ചേർന്ന ഉടനെയാണ് തെലങ്കാന മുഖ്യമന്ത്രി ദേശീയ രാഷ്ട്രീയ നീക്ക സാധ്യതയുമായി എത്തിയത്. ബി.ജെ.പി-കോൺഗ്രസ് ഇതര മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് നിതീഷ് കുമാറിനെയും തേജസ്വി യാദവിനെയും ലക്ഷ്യമിട്ട് നേരത്തെ തന്നെ റാവു പ്രവർത്തനം തുടങ്ങിയിരുന്നു. 2024-ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുക്ത ഭാരതമാണ് ലക്ഷ്യമെന്നും കേന്ദ്രം നല്ല നുണകൾ മാത്രമാണ് പറയുന്നതെന്നും റാവു ആരോപിച്ചിരുന്നു. 2024-ൽ ബി.ജെ.പി മുക്ത ഭാരതം സൃഷ്ടിക്കാൻ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്നും ആ മുദ്രാവാക്യവുമായി മുന്നേറണമെന്നും റാവു പറഞ്ഞു. ഈ ലക്ഷ്യം പൂർത്തിയാക്കിയെങ്കിൽ മാത്രമേ രാജ്യത്തെ രക്ഷിക്കാൻ കഴിയൂ, അല്ലാത്തപക്ഷം ഈ രാജ്യത്തെ രക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിൽ ചൈനയുമായുള്ള ഇന്ത്യൻ അതിർത്തിയായ ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ചന്ദ്രശേഖർ റാവു തെലുങ്കാന സർക്കാറിന്റെ സഹായധനം വിതരണം ചെയ്യും. കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതമാണ് കൈമാറുക. അടുത്തിടെ തെലങ്കാനയിലുണ്ടായ അപകടത്തിൽ മരിച്ച ബിഹാറിൽ നിന്നുള്ള 12 തൊഴിലാളികളുടെ കുടുംബങ്ങൾക്കും ധനസഹായം നൽകും. മരിച്ച കുടിയേറ്റ തൊഴിലാളികളുടെ ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറും. ചെക്ക് വിതരണത്തിൽ നിതീഷ് കുമാറും പങ്കെടുക്കും. ഒരുകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഏറ്റവും വിശ്വസ്തനായ സഖ്യകക്ഷിയായിരുന്നു റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി. എന്നാൽ പിന്നീട് ബന്ധം ഉലയുകയും നിരവധി കാര്യങ്ങളിൽ കേന്ദ്രത്തിനും ബി.ജെ.പിക്കും എതിരെ രംഗത്തുവരികയും ചെയ്തു.
ബി.ജെ.പി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിവിധ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളിൽ സജീവമാണ് കുറച്ചുകാലമായി കെ.സി.ആർ. ശരദ് പവാർ, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്‌രിവാൾ, മമത ബാനർജി, അഖിലേഷ് യാദവ് എന്നിവരുൾപ്പെടെ വിവിധ പ്രതിപക്ഷ നേതാക്കളുമായി കെ.സി.ആർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രാജ്യത്തെ എക്കാലത്തെയും ദുർബലനും കാര്യക്ഷമതയില്ലാത്തതുമായ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച റാവു കേന്ദ്രത്തിൽ ബി.ജെ.പി ഇതര സർക്കാർ ആവശ്യമാണെന്നും കഴിഞ്ഞ മാസം പറഞ്ഞിരുന്നു.