റാഞ്ചി- ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഝാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍നിന്നുള്ള 17 വയസ്സുകാരിയെ വിദഗ്ധ ചികിത്സയ്ക്കായി ബുധനാഴ്ച ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) എയര്‍ലിഫ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഓഗസ്റ്റ് 5 ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടി ആക്രമിക്കപ്പെടുകയും റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (റിംസ്) ചികിത്സ തേടുകയും ചെയ്തിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് വിവിധ പരിശോധനാ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം ചൊവ്വാഴ്ച ന്യൂദല്‍ഹിയിലെ എയിംസിലേക്ക് റഫര്‍ ചെയ്തതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇരയെ എയര്‍ ആംബുലന്‍സ് വഴി ദല്‍ഹിയിലേക്ക് മാറ്റി. അവള്‍ക്ക് വിദഗ്ധ ചികിത്സ ആവശ്യമാണ്- അദ്ദേഹം പറഞ്ഞു. ഇരയ്ക്കും കുടുംബത്തിനും എല്ലാ പിന്തുണയും നല്‍കാന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇരയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഇതിനകം ഒരു ലക്ഷം രൂപ സഹായമായി നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.