ആഗ്ര- പ്രണയത്തിന്റെ വിഖ്യാത സ്മാരകമായ താജ്മഹലിന്റെ പേര് തേജോ മഹാലയ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന ബിജെപി കൗണ്‍സിലറുടെ ആവശ്യം ചര്‍ച്ച ചെയ്യാനൊരുങ്ങി ആഗ്ര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ബി.ജെ.പി കൗണ്‍സിലര്‍ ശോഭറാം റാത്തോഡാണ് നിര്‍ദേശം തയ്യാറാക്കിയിരിക്കുന്നത്. കൂടുതല്‍ നടപടികള്‍ക്കായാണ് നിര്‍ദേശം കോര്‍പറേഷന്‍ ചര്‍ച്ചക്കെടുക്കുന്നത്.
മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗങ്ങള്‍ നിര്‍ദേശം ചര്‍ച്ചെ ചെയ്യുമ്പോള്‍ എല്ലാ വശങ്ങളും പരിഗണിച്ച് ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെയും ഭാര്യ മുംതാസ് മഹലിന്റെയും അന്ത്യവിശ്രമകേന്ദ്രമായ താജ്മഹലില്‍ താമര പാത്രം നിലവിലുണ്ടെന്നതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നാണ് റാത്തോര്‍ തന്റെ നിര്‍ദ്ദേശത്തില്‍ അവകാശപ്പെടുന്നത്.
താജ്മഹലിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള 'തര്‍ക്കം' പരിഹരിക്കുന്നതിന് താജ്മഹലിലെ പൂട്ടിയിരിക്കുന്ന 22 മുറികള്‍ തുറന്നു പരിശോധിക്കുന്നതിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് താജ്മഹലിന്റെ പേര് മാറ്റാനുള്ള നിര്‍ദ്ദേശവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
മുഗള്‍ കാലഘട്ടത്തിലെ ശവകുടീരത്തിന്റെ പേര് മാറ്റണമെന്ന ആവശ്യം ഉയരുന്നത് ഇതാദ്യമല്ല. എഎസ്‌ഐയുടെ കണ്ടെത്തലുകളും പുരാതന ഗ്രന്ഥങ്ങളും ഉദ്ധരിച്ച് നിരവധി ഹിന്ദുത്വ പ്രവര്‍ത്തകര്‍ താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ ശിവക്ഷേത്രമാണെന്ന് അവകാശപ്പെടുന്നു.
ആഗ്രയിലെ ചരിത്ര സ്മാരകമായ താജ്മഹലിന്റെ പേര് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉടന്‍ തന്നെ 'രാം മഹല്‍' എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ നിന്നുള്ള ബി.ജെ.പി എംഎല്‍എ സുരേന്ദ്ര സിംഗ് അടുത്തിടെ പറഞ്ഞിരുന്നു.