റിയോ ഡി ജനീറോ- 'മാന്‍ ഒഫ് ദ ഹോള്‍ ' ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍' എന്നീ വിശേഷണങ്ങളില്‍ അറിയപ്പെട്ടിരുന്ന ആമസോണ്‍ വനാന്തരങ്ങളില്‍ ജീവിച്ചിരുന്ന ഗോത്രവര്‍ഗ്ഗക്കാരന്‍ അന്തരിച്ചു. ആമസോണ്‍ വനാന്തരങ്ങളില്‍ പുറംലോകവുമായി ബന്ധമില്ലാതെ ജീവിച്ച ഒരു അജ്ഞാത ഗോത്ര വര്‍ഗ്ഗത്തിലെ അവസാന കണ്ണിയായിരുന്നു ഏകദേശം 60 വയസുണ്ടെന്ന് കരുതുന്ന ഈ മനുഷ്യന്‍. ഇദ്ദേഹത്തിന്റെ പേര് എന്താണെന്നോ ഏത് ഭാഷയാണ് ഇദ്ദേഹം സംസാരിച്ചതെന്നോ ആര്‍ക്കും അറിയില്ല. കഴിഞ്ഞ 26 വര്‍ഷമായി ഇദ്ദേഹം ഒറ്റയ്ക്ക് ജീവിക്കുകയായിരുന്നു. പുറംലോകത്തുള്ള ആരുടെയും മുന്നില്‍പ്പെടാതെയാണ് ഇയാള്‍ ജീവിച്ചത്. മൃഗങ്ങളെ കെണിയിലാക്കാനും ഒളിയ്ക്കാനുമായി കാട്ടില്‍ ഇയാള്‍ ആഴത്തിലുള്ള കുഴികള്‍ നിര്‍മ്മിച്ചിരുന്നു. മാന്‍ ഒഫ് ദ ഹോള്‍ എന്ന പേരിന് കാരണമിതാണ്. ഓഗസ്റ്റ് 23ന് ഇയാള്‍ താമസിച്ചിരുന്ന വൈക്കോല്‍ കുടിലിന് മുന്നിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ബ്രസീലിയന്‍ ഭരണകൂടം അറിയിച്ചു. സ്വാഭാവിക മരണമാണെന്ന് അധികൃതര്‍ പറയുന്നു. ബൊളീവിയന്‍ അതിര്‍ത്തിയില്‍ റൊണ്ടോനിയ സംസ്ഥാനത്ത് തനരു ഗോത്രവര്‍ഗ്ഗ മേഖലയിലാണ് ഇയാള്‍ ജീവിച്ചത്. ഇദ്ദേഹത്തിന്റെ ഗോത്രവര്‍ഗ്ഗത്തിലെ മറ്റ് അംഗങ്ങളില്‍ ഭൂരിഭാഗവും 1970കളില്‍ വേട്ടക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 1995ല്‍ അവശേഷിച്ച ആറ് അംഗങ്ങള്‍ അനധികൃത ഖനന മാഫിയകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ ഇദ്ദേഹം വനത്തില്‍ ഒറ്റപ്പെടുകയായിരുന്നു. അധികൃതര്‍ മൃതദേഹം കണ്ടെത്തുന്നതിന് 40- 50 ദിവസം മുമ്പ് ഇദ്ദേഹം മരിച്ചെന്ന് കരുതുന്നു. മരണ കാരണം കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. 2018ല്‍ അധികൃതര്‍ക്ക് ഇദ്ദേഹത്തിന്റെ അവ്യക്തമായ ചിത്രം പകര്‍ത്താന്‍ കഴിഞ്ഞിരുന്നു. ഇതിന് ശേഷം ഇദ്ദേഹം മനുഷ്യരുടെ മുമ്പിലെത്തിയിരുന്നില്ല.