Sorry, you need to enable JavaScript to visit this website.

ജബലുന്നൂർ സന്ദർശന വിലക്ക് തീർഥാടക സുരക്ഷ മുൻനിർത്തിയെന്ന് അധികൃതർ

മക്ക - ജബലുന്നൂർ സന്ദർശനത്തിൽനിന്ന് തീർഥാടകരെ തടയാൻ ഉംറ സർവീസ് കമ്പനികൾക്കും ടൂർ ഓപറേറ്റർമാർക്കും ഹജ്, ഉംറ മന്ത്രാലയം നിർദേശം നൽകിയതിന് പിന്നിൽ തീർഥാടകരുടെ സുരക്ഷ. ജബലുന്നൂറിൽ ചിലർ ഇസ്‌ലാമിക വിരുദ്ധമായ അനാചാരങ്ങൾ നടത്തുന്നതും ഇതിന് കാരണമായി. 

ചെങ്കുത്തായ ജബലുന്നൂർ മലകയറ്റം ഏറെ അപകടം നിറഞ്ഞതാണെന്നും തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് ജബലുന്നൂർ സന്ദർശനത്തിൽ നിന്ന് തീർഥാടകരെ തടയുന്നതിന് തീരുമാനിച്ചതെന്നും ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് അൽവസാൻ പറഞ്ഞു. മല കയറ്റം തീർഥാടകർക്ക് കടുത്ത ക്ഷീണമുണ്ടാക്കും. ഇതോടൊപ്പം ഓക്‌സിജൻ കുറവും തീർഥാടകരുടെ സുരക്ഷക്ക് ഭീഷണിയാകും. മല കയറ്റത്തിനിനിടെ ചിലർ വീണ് അപകടത്തിൽ പെടുന്നതിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തീർഥാടന യാത്രാ പാക്കേജിൽ ജബലുന്നൂർ സന്ദർശനം ഉൾപ്പെടുത്തരുതെന്ന് ഉംറ സർവീസ് കമ്പനികളോടും സ്ഥാപനങ്ങളോടും ഹജ്, ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വിദേശങ്ങളിലെ ട്രാവൽ ഏജൻസികളെയും ഉംറ ഓപറേറ്റർമാരെയും ഉണർത്തുന്നതിനും നിർദേശമുണ്ട്. തീരുമാനം ലംഘിച്ച് സർവീസ് കമ്പനികൾ ഉംറ തീർഥാടകർക്ക് ജബലുന്നൂർ സന്ദർശനം സംഘടിപ്പിക്കുന്നതായി ഹജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ പ്രത്യേക കമ്മിറ്റിയുടെ ശ്രദ്ധയിൽ പെട്ടാൽ നിയമ ലംഘനത്തിന്റെ പൂർണ ഉത്തരവാദിത്തവും ശിക്ഷാ നടപടികളും കമ്പനികൾ വഹിക്കേണ്ടിവരുമെന്ന് ഹജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി. 

ലക്ഷക്കണക്കിന് തീർഥാടകരാണ് ഓരോ വർഷവും ജബലുന്നൂർ സന്ദർശിക്കുന്നത്. ചിലർ ഇവിടെ പ്രത്യേക പ്രാർഥനകളും ആരാധനാ കർമങ്ങളും നിർവഹിക്കുന്നു. ചെങ്കുത്തായ മല കയറുന്നതിനിടെ കാൽ തെന്നിവീണ് തീർഥാടകർക്ക് പരിക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ ഇടക്കിടക്ക് റിപ്പോർട്ട് ചെയ്യാറുണ്ട്. ജബലുന്നൂറിലെ ഹിറാ ഗുഹയിൽ വെച്ചാണ് പ്രവാചകൻ മുഹമ്മദ് നബിക്ക് ആദ്യമായി ദിവ്യവെളിപാടുണ്ടായത്. ഇത് സൂചിപ്പിച്ചാണ് പ്രകാശത്തിന്റെ പർവതം എന്നർഥം വരുന്ന ജബലുന്നൂർ എന്ന പേര് ഈ മലക്ക് ലഭിച്ചത്. വിശുദ്ധ ഹറമിന് വടക്കു, കിഴക്ക് നാലു കിലോകമീറ്റർ ദൂരെയാണ് 642 മീറ്റർ ഉയരമുള്ള ജബലുന്നൂർ. മലയിൽ 380 മീറ്റർ മുതൽ 500 മീറ്റർ വരെയുള്ള സ്ഥലം ചെങ്കുത്താണ്. ഇസ്‌ലാമിക ചരിത്രത്തിലെയും പ്രവാചക ചരിത്രത്തിലെയും ഏറ്റവും പ്രധാനപ്പെട്ട അടയാളമായ ഹിറാ ഗുഹയിൽ ധ്യാനനിമഗ്നനായി ഇരിക്കുന്നതിനിടെയാണ് മുഹമ്മദ് നബിക്ക് ഗബ്രിയേൽ മാലാഖ വിശുദ്ധ ഖുർആനിലെ ആദ്യ വചനങ്ങൾ അവതരിപ്പിച്ചു കൊടുത്തത്. 

ജബലുന്നൂറിന്റെ ഉച്ചിയിലാണ് ഹിറാ ഗുഹയുള്ളത്. വടക്കു ഭാഗത്തേക്കാണ് ഗുഹയുടെ പ്രവേശന കവാടം. ഇതിന്റെ ഉയരം നാലു മുഴവും വീതി ഒന്നേമുക്കാൽ മുഴവുമാണ്. ഹിറാ ഗുഹയുടെ ഉൾവശം വിശുദ്ധ കഅ്ബാലയത്തിന് അഭിമുഖമാണ്. ഗുഹയുടെ ഉൾവശം നാലോ അഞ്ചോ പേരെ ഉൽക്കൊള്ളാൻ  മാത്രം വിശാലമാണ്. ജബലുന്നൂറിന്റെ ഉച്ചിയിൽനിന്ന് മക്ക നഗരത്തിന്റെ മനോഹരമായ ആകാശക്കാഴ്ച കാണുന്നതിന് സാധിക്കും. മല കയറ്റത്തിനിടെ അപകടങ്ങൾ പതിവായതിനെ തുടർന്ന് അടുത്ത കാലത്ത് ഇവിടെ പടികൾ നിർമിക്കുകയും ചിലയിടങ്ങളിൽ ഇരുമ്പ് കൈവരികൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ജബലുന്നൂറിൽ ഭക്ഷ്യവസ്തുക്കളും വെള്ളവും മറ്റും വഴിവാണിഭമായി വിൽക്കുന്ന നിയമ ലംഘകരും പ്രവർത്തിക്കുന്നു. നിയമ ലംഘകരുടെ ഷെഡുകളും സ്റ്റാളുകളും ഇടക്കിടക്ക് സുരക്ഷാ വകുപ്പുകളും നഗരസഭയും ചേർന്ന് നീക്കം ചെയ്യാറുണ്ട്. 

Latest News